തൊടുപുഴ: സംസ്ഥാന നേതൃത്വം ധാരണയായെന്ന് പറഞ്ഞെങ്കിലും ജില്ലയിലെ കോൺഗ്രസ്- മുസ്ലീംലീഗ് അഭിപ്രായ ഭിന്നതയ്ക്ക് പരിഹാരമായില്ലെന്നതിന് തെളിവായി യു.ഡി.എഫ് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സംഘടിപ്പിച്ച പ്രതിഷേധ സദസിൽ നിന്ന് മുസ്ലീം ലീഗ് പൂർണ്ണമായും വിട്ടു നിന്നു. ഇന്നലെ യു.ഡി.എഫ് സംസ്ഥാന നേതൃത്വം തൊടുപുഴയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കണമെന്ന് ലീഗിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് ലംഘിച്ച് ലീഗ് വിട്ടുനിന്നതോടെ ഭിന്നത ചർച്ച ചെയ്ത് പരിഹരിച്ചെന്ന യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന്റെ പ്രഖ്യാപനം പാഴ്‌വാക്കായി. മുസ്ലീം ലീഗ് പ്രവർത്തകർ പങ്കെടുത്താൽ വിട്ട് നിൽക്കുമെന്ന് തിങ്കളാഴ്ച ചേർന്ന ബ്ലോക്ക് കോൺഗ്രസ് ഭാരവാഹി യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു. ഇതിന് പുറമേ ലീഗ് പങ്കെടുത്താൽ പ്രതിഷേധ സദസ് ബഹിഷ്‌കരിക്കുമെന്നുള്ള നിലപാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാരും നേതൃത്വത്തെ അറിയിച്ചിരുന്നു. മുസ്ലീംലീഗ് സ്വതന്ത്രാംഗം ഒഴികെ മറ്റ് കൗൺസിലർമാർ ആരും തന്നെ പ്രതിഷേധ സദസിൽ പങ്കെടുത്തില്ല. കഴിഞ്ഞ ആഗസ്റ്റിൽ തൊടുപുഴ നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർത്ഥിക്ക് മുസ്ലീം ലീഗ് അംഗങ്ങൾ വോട്ട് ചെയ്തതിനെ തുടർന്നാണ് ജില്ലയിലെ കോൺഗ്രസും മുസ്ലീം ലീഗും തമ്മിൽ അകന്നത്. ഇതിന്റെ തുടർച്ചയായി ഇരുഭാഗത്തെ നേതാക്കൾ പരസ്പരം പോർവിളിക്കുന്ന സാഹചര്യവുമുണ്ടായി. നവമാധ്യമങ്ങളിൽ ഉൾപ്പെടെ അണികളും ഇത് ഏറ്റെടുത്തതോടെ വിഷയം സംസ്ഥാന നേതൃത്വത്തിന്റെ മുന്നിലെത്തി. തുടർന്ന് യു.ഡി.എഫ് സംസ്ഥാന സമിതി നിയോഗിച്ച സബ് കമ്മിറ്റി അംഗങ്ങളായ ജോസഫ് വാഴയ്ക്കൻ, മോൻസ് ജോസഫ് എം.എൽ.എ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ എന്നിവർ തൊടുപുഴയിലെത്തി ജില്ലയിലെ കോൺഗ്രസ്, മുസ്ലിംലീഗ്, കേരള കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയ ധാരണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ് എം.എൽ.എ എന്നിവർക്ക് മുമ്പാകെ സമർപ്പിച്ചു. ഇതിന്റെ തുടർച്ചയായി തൊടുപുഴയിൽ നടക്കുന്ന യു.ഡി.എഫിന്റെ പ്രതിഷേധ സദസ് ഉൾപ്പെടെയുള്ള എല്ലാ പരിപാടികളിലും ജില്ലയിലെ യു.ഡി.എഫ് ഘടക കക്ഷികൾ ഒറ്റക്കെട്ടായി പങ്കെടുക്കണമെന്നും നേതാക്കൾ നിർദ്ദേശം നൽകി. ഇതാണ് മുസ്ലീം ലീഗ് നേതൃത്വം പൂർണ്ണമായും തള്ളിയത്.
ലീഗ് പങ്കെടുക്കാത്തത്
നേതൃത്വത്തെ അറിയിക്കും
പ്രശ്നം പരിഹരിച്ചതായി സംസ്ഥാന നേതൃത്വം അറിയിച്ചത് അംഗീകരിക്കാൻ കോൺഗ്രസ് പ്രവർത്തകരെന്ന നിലയിൽ ഞങ്ങൾക്ക് ബാധ്യതയുണ്ട്. ലീഗ് പ്രവർത്തകർ പ്രതിഷേധ സദസിന് വരാത്തതിനെ കുറിച്ച് അറിയില്ല. വരില്ലെന്ന് അവർ അറിയിച്ചിട്ടില്ല. മറ്റൊരു ജില്ലയിലും യു.ഡി.എഫ് പ്രതിഷേധ പരിപാടിയിൽ നിന്ന് ലീഗ് വിട്ട് നിൽക്കുന്നതായി അറിയില്ല. ലീഗ് പങ്കെടുക്കാത്തത് സംസ്ഥാന നേതൃത്വത്തെ അറിയിക്കും."
-സി.പി. മാത്യു (ഡി.സി.സി പ്രസിഡന്റ്)
സി.പി. മാത്യുവിന്റേത്
കോൺഗ്രസ് അഭിപ്രായമല്ല: കെ.എം.എ ഷുക്കൂർ
'സംസ്ഥാന നേതാക്കളെടുക്കുന്ന തീരുമാനം പൂർണമായും അംഗീകരിക്കാമെന്ന് എല്ലാവരും പറഞ്ഞതാണ്. അടുത്ത ദിവസം ചേരുന്ന യു.ഡി.എഫിന്റെ ജില്ലാ സമിതിയിൽ സബ്കമ്മിറ്റിയംഗങ്ങളെത്തി ചർച്ചയിലുണ്ടായ ധാരണയെന്താണെന്ന് വിശദീകരിക്കും. ഇതിന് ശേഷം ഒരുമിച്ച് പോകാനാണ് ഞങ്ങളുടെ തീരുമാനം. മാത്രമല്ല, തിങ്കളാഴ്ച ലീഗ് ജില്ലയിലെമ്പാടും പ്രതിഷേധ സദസ് നടത്തിയിരുന്നു. അതുകൊണ്ടാണ് ഇന്നലത്തെ സമരത്തിൽ പങ്കെടുക്കാതിരുന്നത്. അല്ലാതെ അഭിപ്രായവ്യത്യാസമൊന്നുമില്ല. നഗരസഭയിൽ ഇനി വരുന്ന തിരഞ്ഞെടുപ്പിൽ ആദ്യത്തെ ടേമിൽ ചെയർമാൻ സ്ഥാനം ലീഗിന് നൽകാനാണ് ചർച്ചയിൽ ധാരണയായിരിക്കുന്നത്. സി.പി. മാത്യു പറയുന്നത് കോൺഗ്രസിന്റെ അഭിപ്രായമായി കാണേണ്ടതില്ലെന്ന് മുകളിൽ നിന്ന് ഞങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലത്തെ പ്രതിഷേധയോഗത്തിലേക്ക് ക്ഷണിച്ചുകൊണ്ട് യു.ഡി.എഫ് ചെയർമാൻ നൽകിയ കത്തിൽ അദ്ദേഹം ഖേദമറിയിച്ചിരുന്നു. അത് അദ്ദേഹത്തിന്റെ മാന്യത
-കെ.എം.എ ഷുക്കൂർ (മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ്)