
> കട്ടപ്പനയിലെ പ്രമുഖ ഹോട്ടലിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്നും ജീവനുള്ള പുഴുക്കളെ കണ്ടെത്തി.
> രണ്ടാഴ്ചക്കുള്ളിൽ രണ്ട് ഹോട്ടലുകളിൽ വിളമ്പിയ ഭക്ഷണത്തിൽ പുഴുക്കൾ.
കട്ടപ്പന :ഇടുക്കികവലയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഹോട്ടലായ മഹാരാജയിൽ നിന്നാണ് പുഴു അരിച്ച ഭക്ഷണം ലഭിച്ചു. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ കാഞ്ചിയാർ സ്വദേശികളായ ദമ്പതികൾ ഹോട്ടൽ കയറി കപ്പ ബിരിയാണി ആവശ്യപ്പെട്ടു.കഴിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് ആഹാരത്തിൽ പുഴുവിനെ കണ്ടത്.തുടർന്ന് വീഡിയോ എടുക്കാൻ ശ്രമിച്ചതോടെ ഹോട്ടൽ ജീവനക്കാർ വന്ന് ആഹാരം തിരികെ എടുത്തു. ഭക്ഷണം പാഴ്സൽ ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ വിസമ്മതിച്ചുവെന്നും , വിഷയം ഒത്തുതീർപ്പാക്കാൻ ഉടമ ശ്രമിച്ചു എന്നുമാണ് ദമ്പതികളുടെ പരാതി. തുടർന്ന് ചൊവ്വാഴ്ച ഇവർ നഗരസഭയിൽ രേഖാ മൂലം പരാതി നൽകി.
ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണങ്ങൾ വിളമ്പുന്നതിനെതിരെ നഗരത്തിൽ തുടർച്ചയായ പരിശോധന അടക്കം ഉണ്ടാകുകയും, നിയമം ലംഘിക്കുന്ന ഹോട്ടലുകൾക്കെതിരെ കർശനവും മാതൃകാപരവുമായ നടപടി സ്വീകരിക്കണമെന്നുമാണ് പൊതുജനങ്ങളുടെയും ആവശ്യം
> നഗരസഭ മുന്നറിയിപ്പ്
ദമ്പതികളുടെ പരാതിയേ തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി. സംഭവം ഉണ്ടായി മണിക്കൂറുകൾക്കുശേഷം പരാതി നൽകുമ്പോൾ, പരാതിക്ക് അടിസ്ഥാനമായ ഭക്ഷണം നശിപ്പിക്കാൻ ഹോട്ടൽ ജീവനക്കാർക്ക് അവസരം ലഭിക്കുകയാണ്, അതുകൊണ്ട് തന്നെ ഹോട്ടലുകളിൽ നിന്നും ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ഉടൻതന്നെ നഗരസഭ അധികൃതരെ 9961751089 എന്ന നമ്പറിൽ അറിയിക്കണം എന്ന് ക്ലീൻ സിറ്റി മാനേജർ ജെൻസ് സിറിയക് പറഞ്ഞു.
ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
നഗരസഭ നടപടിയുമായി മുന്നോട്ടു പോകുമ്പോഴും നഗരത്തിനുള്ളിലെ ഹോട്ടലുകളിൽ ഇത്തരത്തിലുള്ള പ്രവണതകൾ തുടരുകയാണെന്ന ആരോപണമായി പ്രതിപക്ഷവും രംഗത്തുവന്നു.
നഗരസഭയുടെ ആരോഗ്യ വിഭാഗത്തിൽ ജീവനക്കാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്, കൂടാതെ ഹോട്ടലുകളിൽ ഇത്തരത്തിലെ സംഭവങ്ങൾ ഉണ്ടാകുമ്പോൾ 2000 രൂപ മാത്രമാണ് പിഴ ഈടാക്കാൻ കഴിയുന്നത്. ഇത്തരത്തിലെ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടി ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്നും പ്രതിപക്ഷ കൗൺസിലർമാർ പറയുന്നു.
സി.പി. എം കട്ടപ്പന ഏരിയ കമ്മിറ്റി ബുധൻ രാവിലെ 10ന് നഗരസഭ ഓഫീസിലേക്ക് മാർച്ച് ധർണയും നടത്തും. ഏരിയ സെക്രട്ടറി വി .ആർ സജി ഉദ്ഘാടനം ചെയ്യും.