
കട്ടപ്പന: ഇരട്ടയാർ ശാന്തിഗ്രാം പാലം അപകടാവസ്ഥയിലായതിനെ തുടർന്ന് ഇതുവഴി ഗതാഗതം പൂർണ്ണമായി നിരോധിച്ചതിൽ ബുദ്ധിമുട്ടുകയാണ് യാത്രികർ. സർവ്വീസ് ബസുകളും ചെറു വാഹനങ്ങളുമെല്ലാം ദീർഘദൂരം വഴി മാറി സഞ്ചരിച്ച് പോകേണ്ട സ്ഥിതിയാണ്. കൂടാതെ പ്രദേശവാസികളും ഏറെ യാത്രാ ദുരിതത്തിലാണ്.ഇരട്ടയാർ ശാന്തിഗ്രാം, ഇരട്ടയാർ തോവാള പാലങ്ങളുടെ കാലപ്പഴക്കത്താലുള്ള
ശോചനീയവസ്ഥ മാധ്യമങ്ങൾ നിരവധി തവണ ജനശ്രദ്ധയിലെത്തിച്ചിരുന്നു. തുടർന്ന് പൊതുമരാമത്ത് വിഭാഗവും ജനപ്രതിനിധികളും വിഷയത്തിന്റെ ഗൗരവം മനസിലാക്കി ബഡ്ജറ്റിലുൾപ്പെടെ തുക വകയിരുത്തിയിരുന്നെങ്കിലും പാലത്തിന്റെ പുനർനിർമ്മാണം മാത്രം നടന്നില്ല. സർവ്വീസ് ബസുകളും സ്‌കൂൾ ബസുകളും തടി ലോറിയും ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന സംസ്ഥാന പാതയുടെ ഭാഗമായ ഈ പാലത്തിന്റെ ഇപ്പോഴുള്ള അപകടാവസ്ഥയിൽ ഏറെ ദുരിതത്തിലായിരിക്കുന്നത് പ്രദേശവാസികളും സ്‌കൂൾ കുട്ടികളുൾപ്പെടെയുള്ള യാത്രികരുമാണ്. ശാന്തിഗ്രാമിൽ നിന്നും ഇരട്ടയാർ ടൗണിലെത്തേണ്ടവർ ഇരട്ടയാർ നോർത്തു വഴി എത്തുകയോ അല്ലെങ്കിൽ കാൽ നടയായോ വരേണ്ട സ്ഥിതിയാണ്. ഇരട്ടയാർ, ശാന്തിഗ്രാം സ്‌കൂളുകളിലെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും കൃഷി, വില്ലേജ് ഓഫീസുകളിലെ ജീവനക്കാരെയും പ്രദേശവാസികളെയും ഏറെ യാത്രാദുരിതത്തിലാക്കുന്നു.
ഇരുചക്രവാഹനങ്ങൾ മാത്രമാണിപ്പോൾ പാലത്തിൽ കൂടി കടന്നു പോകുന്നത്. മറ്റു ചെറു വാഹനങ്ങളും ഓട്ടോറിക്ഷ ടാക്സിയുമെല്ലാം പാലത്തിന്റെ ഇരുഭാഗങ്ങളിലും ആളെ ഇറക്കി പോകുന്ന സ്ഥിതിയാണ്. എത്രയും വേഗം പാലത്തിന്റെ അപകടാവസ്ഥ പരിഹരിച്ച് ഗതാഗതം പുന:സ്ഥാപിക്കണമെന്നാണ് നാട്ടുകാരുൾപ്പെടെയുള്ളവരുടെ ആവശ്യം.
തിങ്കളാഴ്ച പെയ്ത ശക്തമായ മഴയെ തുടർന്നാണ് ശാന്തിഗ്രാം പാലത്തിന്റെ അപ്പ്രോച്ച് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു താന്നത്.
സംരക്ഷണഭിത്തിക്ക്
13 . 85 ലക്ഷം
ഇരട്ടയാർ ശാന്തിഗ്രാം പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തിക്ക് നിർമ്മാണനുമതി ലഭിച്ചു. എം എം മണി എം എൽ എ യുടെ ഇടപെടലിലൂടെ 13 . 85 ലക്ഷം രൂപയുടെ നിർമ്മാണത്തിന് ടെണ്ടർ നടപടികളായതായി പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തിൽ നിന്നു അറിയിച്ചതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി വ്യക്തമാക്കി.
ഓഫീസ് ഉപരോധിച്ച് കോൺഗ്രസ്സ്
ഇരട്ടയാർ ശാന്തിഗ്രാം പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് കട്ടപ്പന അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയം ഉപരോധിച്ചു. ഇരട്ടയാർ പാലത്തിനു സമീപം സമരം നടത്തിയ ശേഷമാണ് പ്രവർത്തകർ പ്രതിഷേധവുമായി കട്ടപ്പന പിഡബ്ല്യുഡി ഓഫീസിലേക്കെത്തിയത്.
അപകടാവസ്ഥയെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഇന്നലെ മുതൽ നിരോധിച്ചിരുന്നു. ചെറുവാഹനങ്ങളെങ്കിലും കടത്തിവിടാൻ നടപടി സ്വീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ഇരട്ടയാർ പാലത്തിൽ സംഘടിപ്പിച്ച സമരത്തിന് ശേഷം പ്രവർത്തകർ കട്ടപ്പന പിഡബ്ല്യുസി
അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയം ഉപരോധിച്ചു. പാലത്തിലൂടെ ചെറുവാഹനങ്ങൾ കടത്തിവിടാൻ നടപടി സ്വീകരിക്കണമെന്നാണ്
പ്രതിഷേധക്കാരുടെ ആവശ്യം
നിലവിൽ ഇരുചക്രവാഹനങ്ങൾ മാത്രമേ ഇതുവഴി കടത്തിവിടുന്നുള്ളൂ. ഉദ്യോഗസ്ഥർ അലംഭാവപൂർവ്വമായ നടപടിയാണ് സ്വീകരിക്കുന്നതെന്നാണ് പ്രവർത്തകരുടെ ആരോപണം.സമരം ഡിസിസി സെക്രട്ടറി ബിജോ മാണി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഷാജി മഠത്തുംമുറി അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി വൈ.സി സ്റ്റീഫൻ , റെജി ഇലിപ്പുലിക്കാട്ട്, ജോസുകുട്ടി അരീപറമ്പിൽ , രതീഷ് ആലേപുരക്കൽ, യൂത്ത് കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.