തൊടുപുഴ: പുലർച്ചെ മുതൽ വീട്ടിലെ കാര്യങ്ങളുമായി ഒരു നെട്ടോട്ടം. ഒൻപതു മണിക്ക് ശേഷം വാർഡിലെ ഏതൊരു വീടുകളിലേക്കും വേണ്ട ആവശ്യങ്ങൾ നിറവേറ്റാൻ അവർ സദാ ഒപ്പമുണ്ട്. അതേ ആശാ പ്രവർത്തകർ തിരക്കിലാണ്. ആശുപത്രിയിലാണ് ഡ്യൂട്ടി എങ്കിൽ രാവിലെ എട്ട് മണി മുതൽ തുടങ്ങും.ദേശീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി ഓരോ വില്ലേജിലും നിയമിക്കപ്പെടുന്ന അംഗീകൃത സാമൂഹിക ആരോഗ്യ പ്രവർത്തകരാണ് 'ആശ' കൾ. ഇടുക്കിയിൽ 1100 ഓളം ആശാ പ്രവർത്തരുണ്ട്.ഒരു വാർഡിലെ ആരോഗ്യപരമായ എല്ലാ കാര്യങ്ങളും ബന്ധപ്പെട്ട മേഖലയെ അറിയിക്കുക ഇവരുടെ ജോലിയാണ് .കുടുംബശ്രീയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരെയാണ് 'ആശ'കളായി തിരഞ്ഞെടുക്കുന്നത്. കേരളത്തിൽ ആയിരം പേർക്ക് ഒരു ആശാപ്രവർത്തക എന്നതായിരുന്നു സർക്കാർ ലക്ഷ്യമിട്ടത്. ജീവിതശൈലി രോഗം കണ്ടെത്തുന്നതിന് പുതിയതായി ആപ്പ് രൂപീകരിച്ചിട്ടുണ്ട്. വീടുകൾ സന്ദർശിച്ച് അതിൽ ഉൾപ്പെടുത്തിയ 60ഓളം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും കണ്ടെത്തണം.

ആരോഗ്യസേനയുടെ കാവലാൾ

ഒരു വാർഡിൽ 350 മുതൽ 500 വരെ വീടുകൾ ഉണ്ടാകും ആ മുഴുവൻ വീടുകളും മൂന്നു നാലു മാസത്തിനുള്ളിൽ സന്ദർശിക്കണം. മാസം തോറും വിവരങ്ങൾ അടങ്ങിയ റെക്കോർഡ് തയാറാക്കണം. വാർഡ് മെമ്പറേയും വാർഡ് കമ്മിറ്റിക്കാരെയും വിളിച്ച് എല്ലാ മാസവും റിപ്പോർട്ട് ചെയ്യണം.അതാത് വാർഡിലെ ഗർഭിണികളെ രജിസ്റ്റർ ചെയ്യിപ്പിക്കുക മാസത്തിൽ പാലിയേറ്റീവ് ഡ്യൂട്ടി ചെയ്യുക, തൊഴിലുറപ്പ് ജോലിക്കാരുടെ ആരോഗ്യവിവരം അന്വേഷിക്കുക, കുട്ടികളുടെ ഇമ്മ്യൂണൈസേഷൻ ഡ്യൂട്ടി, പഞ്ചായത്ത് അവലോകനം, ഹോസ്പിറ്റൽ മീറ്റിങ്, അങ്കണവാടി കേന്ദ്രീകരിച്ച് മാസത്തിൽ ഒരു ന്യൂട്രീഷൻ ഡേ, ഫീൽഡ് വിസിറ്റ് എന്നിങ്ങനെ ക്രൈറ്റീരിയ നൽകിയിട്ടുണ്ടെങ്കിലും വാർഡിലെ എന്തു പരിപാടി വന്നാലും ഇവർ മുന്നിട്ടിറങ്ങണം. എലിപ്പനി സാഹചര്യമുള്ള സമയത്ത് പ്രതിരോധ ഗുളികൾ നൽകുക മാത്രമല്ല ഇതവർ കഴിച്ചെന്ന് ഉറപ്പു വരുത്തുകയും ചെയ്യണം. കഴിക്കാത്തവരുടെ കൈയിൽ നിന്ന് വ്യക്തമായ കാരണവും വാങ്ങണം. വാർഡിൽ എലിപ്പനി ഡെങ്കിപ്പനി സ്ഥിരീകരിച്ചാൽ അവിടെ സന്ദർശിച്ച് അത്രയും പ്രദേശത്ത് ക്ലോറിനേഷൻ അടക്കമുള്ള വർക്കുകൾ ചെയ്യണം. ഗർഭിണികൾ, പാലിയേറ്റീവ് രോഗികൾ,ഒറ്റയ്ക്കു താമസിക്കുന്നവരെ മാസവും സന്ദർശിക്കണം. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഏതെങ്കിലും സ്ഥലത്ത് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെന്ന് ഉദ്യോഗസ്ഥർ മനസ്സിലാക്കുന്നതും നടപടികളെടുക്കുന്നതും. ആർദ്രം പദ്ധതിയുടെ ഭാഗമായി ആശുപത്രികളിൽ രണ്ടു ദിവസം ഒപി ഡ്യൂട്ടി എടുക്കണം. ഹെൽത്ത് സെന്ററുകളിൽ യുഎച്ച്എഡി കാർഡ് എടുത്തു കൊടുക്കുക, ഒപി ചീട്ടെടുക്കുക എന്നീ രണ്ടു ഡ്യൂട്ടികളാണ് ചെയ്യുന്നത്. മാസത്തിൽ രണ്ടു ഡ്യൂട്ടി എന്നാണ് കണക്കെങ്കിലും അഞ്ചും ആറും ഡ്യൂട്ടികളൊക്കെ ചെയ്യുന്നവരുണ്ട്. കോവിഡ് വാക്‌സിന്‍ നൽകുന്ന സമയത്ത് അതിന്റെയും ഡ്യൂട്ടിയൊടൊപ്പം വാക്‌സിനേഷന്‍ റൂമിൽ രജിസ്‌ട്രേഷനും ടോക്കൺ നൽകി അവരെ നിയന്ത്രിക്കാനും സഹായിക്കണം.

=ആശ(Asha)-അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്

=ഗർഭിണികളിലെ ടി.ബി തുടങ്ങി ഓരോ നഴ്സുമാരും ചെയ്യുന്ന അതേ ജോലികൾ ഇവർ ചെയ്യണം. ഇൻസന്റീവായി 2000 രൂപയും. മാസത്തിൽ 29 ദിവസവും പണി എടുത്തവരായിരിക്കും പക്ഷേ ഒരു ദിവസത്തെ അസൗകര്യത്തിൽ നഷ്ടമാകുന്നത് 700 രൂപയാണ്.

ആവശ്യങ്ങൾ

. ശമ്പളം വർദ്ധിപ്പിക്കണം

.പെൻഷൻ പ്രായം 62ആക്കണം

. പിരിഞ്ഞുപോകുമ്പോൾ അഞ്ച് ലക്ഷം രൂപ നൽകണം

.അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഫോൺ.

'പെൻഷൻ പ്രായം പോലും ഇവർക്ക് ഇല്ല, ജീവനക്കാരായി പോലും ഇവരെ അംഗീകരിക്കുന്നില്ല. വിശ്രമമില്ലാതെ അഹോരാത്രം പണിയെടുക്കുന്ന ഇവ‌ർക്ക് അർഹമായ എല്ലാ ആനുകൂല്യങ്ങളും നൽകണം

(കെ.പി.മേരി, സിഐറ്റിയു സംസ്ഥാന വൈസ് പ്രസിഡന്റ്)