കാഞ്ഞിരമറ്റം: ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി പൂജവെയ്പ് നാളെ വൈകിട്ട് 5. 30 മുതൽ ആരംഭിക്കും. ആറു മണിക്ക് ശ്രീ മഹേശ്വര വാദ്യകലാക്ഷേത്രം അവതരിപ്പിക്കുന്ന സ്‌പെഷൽ പഞ്ചാരിമേളം അരങ്ങേറും. 6.30 നു വിശേഷാൽ ദീപാരാധനയും നടക്കും.
മഹാനവമി ദിനമായ ശനിയാഴ്ച രാവിലെ 10 മണി മുതൽ ക്ഷേത്രക്കടവിലുള്ള ശ്രീ മൂകാംബി സന്നിധിയിൽ വിദ്യാമന്ത്ര പുഷ്പാഞ്ജലി , സാരസ്വത അർച്ചന , മൂകാംബികാ പൂജ തുടങ്ങി പ്രത്യേക പൂജകൾ നടക്കും. ശ്രീമൂകാംബി സന്നിധിയിൽ പ്രത്യേകം പൂജിച്ച സാരസ്വതഘൃതം ശനിയാഴ്ച വിതരണം ചെയ്യും. വൈകിട്ട് ക്ഷേത്രത്തിൽ വിശേഷാൽ ദീപാരാധനയും നടക്കും. വിജയദശമി ദിനമായ ഞായറാഴ്ച്ച രാവിലെ 6.30 മുതൽ വിദ്യാരംഭച്ചടങ്ങുകളും പൂജയെടുപ്പും നടക്കും. 9 മണി മുതൽ ക്ഷേത്രത്തിൽ വാദ്യകലാപ്രമാണി ശ്രീക്കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം അരങ്ങേറ്റവും നടക്കും .
വിജയദശമി മഹോത്സവം
തൊണ്ടിക്കുഴ: ശ്രീ അമൃതകലശ ശാസ്താ ക്ഷേത്രത്തിൽ വിജയദശമി മഹോത്സവം ഇന്ന് മുതൽ 13 വരെ നടക്കും. ഇന്ന് വൈകിട്ട് 5.30ന് പൂജവെയ്പ്പ്, നാളെ ദുർഗാഷ്ടമി ദിനത്തിൽ ആയുധപൂജ വയ്പ്പ്, 12ന് മഹാനവമി ദിനത്തിൽ രാവിലെ വിശേഷാൽ പൂജകളും വൈകിട്ട് ദീപാരാധനയും നടക്കും. 13ന് വിജയദശമി നാളിൽ രാവിലെ 7ന് സരസ്വതി പൂജ നടക്കും.
7.45ന് നടക്കുന്ന വിദ്യാരംഭ ചടങ്ങുകൾക്ക് തൊടുപുഴ വിഎച്ച്എസ് സ്‌കൂൾ റിട്ട. പ്രിൻസിപ്പൽ ടി.ആർ. അംബികാദേവി നേതൃത്വം നൽകും. 8.30ന് നടക്കുന്ന വിദ്യാഗോപാല മന്ത്രാർച്ചനയ്ക്ക് കിഷോർ രാമചന്ദ്രൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് വിവിധ മേഖലകളിൽ മികച്ച വിജയം കരസ്ഥമാക്കിയവരെ ആദരിക്കും. യോഗം റിട്ട. ഹെഡ്മാസ്റ്റർ എൻ.എൻ. ജനാർദ്ദനൻ നായർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് ദീപാരാധനയും 6.45ന് അത്തഴപൂജയും ശേഷം ഭജനയും നടക്കും.