തൊടുപുഴ: വാഹന വിൽപനയുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ സ്വദേശിയുമായുള്ള തർക്കത്തിന്റെ പേരിൽ തൊടുപുഴ സ്വദേശിയായ വാഹന ബ്രോക്കറെ കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തി മർദിച്ചതായി പരാതി. എസ്.ഐയും എ.എസ്.ഐയുമാണ് മർദിച്ചത്. അവർക്കും പണം വാങ്ങി വഞ്ചിച്ച വാഹന ഉടമയ്‌ക്കെതിരെയും പെരുമ്പാവൂർ ഡിവൈ.എസ്.പിയ്ക്ക് പരാതി നൽകിയതായി വാഹന ബ്രോക്കറായ തൊടുപഴ കൊമ്പനാപ്പറമ്പിൽ അബ്ദുൾ റഷീദ് (60) വാർത്താസമ്മേളനത്തിൽ പറഞ്ഞു. പെരുമ്പാവൂർ സ്വദേശിയുടെ ഉടമസ്ഥതിയുള്ള വാഹനം 29.5 ലക്ഷം രൂപയ്ക്ക് അബ്ദുൾ റഷീദ് കച്ചവടമാക്കിയിരുന്നു. കോഴിക്കോട് സ്വദേശികളായ മറ്റൊരാൾക്ക് വാഹനം മറിച്ച് നൽകാനായാണ് അബ്ദുൾ റഷീദ് വാഹനത്തിന് വില പറഞ്ഞത്. കോഴിക്കോട് സ്വദേശികൾ പെരുമ്പാവൂരിലെത്തി വാഹനം കാണുന്നതുവരെ മറ്റാർക്കും വിൽക്കാതിരിക്കാനായി ആഗസ്റ്റ് 31ന് 50,000 രൂപ അഡ്വാൻസ് നൽകുകയും ചെയ്തു. വാഹനം ഇഷ്ടപ്പെട്ടില്ലെങ്കിൽ പണം തിരികെ നൽകാമെന്ന് വാക്കാൽ വ്യവസ്ഥ ചെയ്തിരുന്നെന്ന് അബ്ദുൾ റഷീദ് പറഞ്ഞു. സെപ്തംബർ രണ്ടിന് കോഴിക്കോട് സ്വദേശികളായ രണ്ടു പേർ എത്തി വാഹനം കണ്ടെങ്കിലും ഇഷ്ടപ്പെടാതെ തിരിച്ചുപോയി. ഇതോടെ അഡ്വാൻസ് നൽകിയ പണം അബ്ദുൾ റഷീദ് തിരികെ ചോദിച്ചെങ്കിലും വാഹന ഉടമ നൽകാൻ തയാറായില്ല. ഇതോടെ വാഹന ഉടമയുടെ വീട് കണ്ടുപിടിച്ച് അബ്ദുൾ റഷീദ് സെപ്തംബർ 25ന് അവിടെ എത്തി. എന്നാൽ ഈ സമയം വാഹന ഉടമയുടെ അമ്മ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അവരോട് കാര്യം പറഞ്ഞപ്പോൾ ഒക്ടോബർ ഒന്നിന് വന്ന് പണം വാങ്ങിക്കൊള്ളാൻ നിർദേശിച്ചെന്നും അബ്ദുൾ റഷീദ് പറയുന്നു.
ഒക്ടോബർ ഒന്നിന് അബ്ദുൾ റഷീദും ഭാര്യയും കൂടി വാഹന ഉടമയുടെ വീട്ടിലെത്തിയെങ്കിലും പണം നൽകിയില്ല. ഇതോടെ വീടിന് മുന്നിലെ പൊതുവഴിയിൽ വെച്ച് തർക്കമുണ്ടാവുകയും കുന്നത്തുനാട് പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. പൊലീസ് ഇരു കൂട്ടരെയും പരിച്ചുവിട്ടെങ്കിലും പിന്നീട് ഫോണിൽ വിളിച്ച് നാലിന് സ്റ്റേഷനിലെത്താൻ അബ്ദുൾ റഷീദിനോട് ആവശ്യപ്പെട്ടു. അന്ന് സ്റ്റേഷനിലെത്തിയ തന്നെ പൊലീസുകാരും വൈകീട്ടോടെ വിട്ടയച്ച ശേഷം പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ച് വാഹന ഉടമയും മർദിച്ചെന്നാണ് അബ്ദുൾ റഷീദിന്റെ പരാതി. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് തിരികെയെത്തി തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. തന്റെ പണം തിരികെ കിട്ടുന്നതിനും തന്നെ മർദ്ദിച്ച പൊലീസുകാർക്കെതിരെയും വാഹന ഉടമയ്‌ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡിവൈ.എസ്.പിയ്ക്ക് പരാതി നൽകിയതെന്നും അബ്ദുൾ റഷീദ് വ്യക്തമാക്കി.