rajakadroad

രാജാക്കാട്:രാജാക്കാട് എല്ലക്കൽ റൂട്ടിൽ രാജാക്കാട് ടൗണിന് സമീപം ഇഞ്ചനാട്ട് പുരയിടത്തിന്റെ മുൻഭാഗത്ത് റോഡിന്റെ ഒരു വശം ഏതു സമയത്തും ഇടിഞ്ഞു വീഴാവുന്ന നിലയിലാണ്.അടുത്ത നാളിൽ വീതി കൂട്ടി നിർമ്മാണം പൂർത്തീകരിച്ച ചെമ്മണ്ണാർ ഗ്യാപ്
കെ എസ് റ്റി പി റോഡിന്റെ ഭാഗമാണിത്.ഒരു വർഷത്തിന് മുൻപു തന്നെ 95 ശതമാനം നിർമ്മാണം പൂർത്തിയാക്കിയിട്ടും ഉദ്ഘാടനം നടത്താൻ സാധിച്ചിട്ടില്ല.
ഇവിടെ റോഡിന്റെ ഒരു ഭാഗം കട്ടിംഗും മറുഭാഗം ഗർത്തവുമാണ്.ഏകദ്ദേശം 50 മീറ്ററോളം നീളത്തിൽ 10 അടിയോളം താഴ്ചയിലുള്ളതാണ് ഈ ഭാഗത്തെ ഗർത്തം. 50 അടി താഴ്ചയുള്ള ഈ ഭാഗത്ത് താഴെ ഭാഗത്തുനിന്നും സംരക്ഷണ ഭിത്തികെട്ടാതെയാണ് റോഡ് നിർമ്മിച്ചിട്ടുള്ളത്. അടുത്ത നാളിൽ ഈ ഭാഗം ഇടിഞ്ഞ് താഴ്ന്നപ്പോൾ കരാറുകാർ മേൽഭാഗം കോൺക്രീറ്റിംഗ് നടത്തിയ ശേഷം അപകടബോർഡും സ്ഥാപിച്ചിരിക്കുകയാണ്. സിംഗിൾ ലൈൻ ട്രാഫിക്കും ഏർപ്പെടുത്തി.രാജാക്കാട് നിന്നും എറണാകുളം,കോട്ടയം, മുവാറ്റുപുഴ,മൂന്നാർ ഭാഗത്തേക്കും തിരിച്ചും കെ.എസ്.ആർ.ടി.സി ഉൾപ്പെടെ നിരവധി ബസ് സർവ്വീസുകളാണ് ഇതുവഴിയുള്ളത്.സ്‌കൂൾ, കേളേജ് ബസ്സുകളും വിദേശികളും സ്വദേശികളുമടങ്ങുന്ന ടൂറിസ്റ്റ് വാഹനങ്ങളും നിരവധി ചെറുവണ്ടികളും സർവ്വീസ് നടത്തുന്ന റോഡാണിത്.

ഇടിഞ്ഞ് താഴാൻ

സാദ്ധ്യത

ശക്തമായ മഴ പെയ്താൽ റോഡിന്റെ ഈ ഭാഗം കൂടുതലായി ഇടിഞ്ഞ് താഴാനും അപകടങ്ങൾ സംഭവിക്കാനും കാരണമാകും.പൊതുമരാമത്ത് വകുപ്പ് അടിയന്തിരമായി ഇടപെട്ട് ഇവിടെ സംരക്ഷണ ഭിത്തി നിർമ്മിച്ച് സുരക്ഷയൊരുക്കണമെന്നാണ്നാട്ടുകാരും ഡ്രൈവർമാരുമുൾപ്പെടെയുള്ള ജനങ്ങൾ ആവശ്യപ്പെടുന്നത്.