തൊടുപുഴ: ആറ് സെന്റ് പട്ടയ സ്ഥലം കൈവശപ്പെടുത്താൻ സമീപത്തെ റിസോർട്ട് ഉടമ ശ്രമിക്കുന്നതായി നിർധന കുടുംബം. കാന്തല്ലൂർ ഗുഹനാഥപുരം നാലാം വാർഡ് സ്വദേശികളായ ജയറാം-സുമതി ദമ്പതിമാരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അതിരുവേലി പൊളിച്ച് തങ്ങളുടെ സ്ഥലം കൈയേറാൻ നടത്തിയ ശ്രമം തടഞ്ഞതിന് റിസോർട്ട് ഉടമ തന്നെയും ഭാര്യയെയും മർദിച്ചതായും ഇതിനെതിരെ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും ദമ്പതിമാർ പത്രസമ്മേളനത്തിൽപറഞ്ഞു.28 വർഷം മുമ്പ് കുടുംബം വിലയ്ക്കു വാങ്ങിയതാണ് ആറ് സെന്റ് പട്ടയ സ്ഥലം. ഇവിടെ ചെറിയ വീടും കന്നുകാലി തൊഴുത്തുമാണുള്ളത്. സമീപ വാസിയ്ക്ക് പട്ടയം ഉള്ളതും ഇല്ലാത്തതുമായി 200 ഏക്കറോളം സ്ഥലമുണ്ടെന്ന് ജയറാം പറഞ്ഞു. കുറച്ച് നാൾ മുമ്പ് തങ്ങളുടെ വീടും സ്ഥലവും നിസാര വിൽക്കുന്നുണ്ടോയെന്ന് റിസോർട്ട് ഉടമ ചോദിച്ചിരുന്നു. എന്നാൽ പോകാൻ മറ്റിടമില്ലാത്തതിനാൽ സ്ഥലം വിൽക്കില്ലെന്ന് ആറിയിച്ചു. ഇതോടെയാണ് തങ്ങളുടെ സ്ഥലം കൈയേറാൻ ശ്രമം തുടങ്ങിയതെന്ന് സുമതി ആരോപിച്ചു. തങ്ങളുടെ സ്ഥലത്തിന്റെ അതിരിനോട് ചേർന്ന് മണ്ണ് മാന്ത്രി യന്ത്രം ഉപയോഗിച്ച് റിസോർട്ട് ഉടമ മണ്ണെടുത്തതോടെ വലിയ മൺതിട്ട രൂപപ്പെട്ടു. ഇതോടെ മഴ പെയ്താൽ മൺതിട്ടയിടിഞ്ഞ് വീടും തൊഴുത്തും തകരുന്ന സ്ഥിതിയാണ്. മണ്ണെടുത്തിടത്ത് സംരക്ഷണഭിത്തി കെട്ടാൻ റിസോർട്ട് ഉടമ തയാറല്ല. ഇതിനെതിരെ കഴിഞ്ഞ മാർച്ച് 16-ന് കാന്തല്ലൂർ പഞ്ചായത്ത് സെക്രട്ടറിയ്ക്കും ഡെപ്യൂട്ടി തഹസിൽദാർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് കുടുംബം പറഞ്ഞു.
കഴിഞ്ഞ ജൂലായ് എട്ടിന് കുടുംബത്തിന്റെ സ്ഥലം കൈയേറി റിസോർട്ട് ഉടമ ഗേറ്റ് സ്ഥാപിക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞപ്പോഴാണ് തന്നെ മർദിക്കുകയും സമുതിയുടെ മുടികുത്തിന് പിടിച്ച് വലിക്കുകയും വസ്ത്രം വലിച്ച് കീറുകയും ചെയ്തതെന്ന് ജയറാം ആരോപിച്ചു. അശുപത്രിയിൽ ചികിത്സ തേടിയതോടെ പോലീസെത്തി കേസെടുത്തു. റിസോർട്ട് ഉടമയുടെ പരാതിയിൽ തങ്ങൾക്കെതിരെയും പോലീസ് കേസെടുത്തു. പിന്നീട് റിസോർട്ട് ഉടമയ്‌ക്കെതിരെയുള്ള പരാതി പിൻവലിക്കാൻ പോലീസ് തങ്ങളെ ഭീഷണിപ്പെടുത്തിയതായും ജയറാം ആരോപിക്കുന്നു.