തൊടുപുഴ: മുനിസിപ്പൽ ചെയർപേഴ്സൺ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസും മുസ് ലിം ലീഗും തമ്മിലുണ്ടായ അഭിപ്രായ ഭിന്നത യു.ഡി.എഫ് സംസ്ഥാന നേതൃത്വം ഇടപെട്ട് നടത്തിയ ചർച്ചകളിലൂടെ പരിഹരിച്ചതായും ജില്ലയിൽ കോൺഗ്രസും യു.ഡി.എഫുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അറിയിച്ചു.
യു.ഡി.എഫ് സംസ്ഥാന സമിതി ചുമതലപ്പെടുത്തിയ സബ് കമ്മിറ്റി അംഗങ്ങളായ ജോസഫ് വാഴയ്ക്കൻ, മോൻസ് ജോസഫ് എം .എൽ. എ, മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ എന്നിവർ തൊടുപുഴയിലെത്തി ജില്ലയിലെ കോൺഗ്രസ് , മുസ്ലിം ലീഗ് , കേരള കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ, ഉപ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ,പി.ജെ ജോസഫ് എംഎൽഎ എന്നിവർ സബ്കമ്മിറ്റി അംഗങ്ങളുമായി നടത്തിയ ചർച്ചയിൽ ജില്ലയിലെ യുഡിഎഫിൽ ഉണ്ടായ ഭിന്നതകൾക്ക് പരിഹാരം നിർദ്ദേശിച്ചതായും അടുത്ത ദിവസം ചേരുന്ന യു.ഡി.എഫ് ജില്ലാ സമിതിയിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യുവാൻ ഉപസമിതിയംഗങ്ങളെ ചുമതലയേല്പിച്ചതായും അറിയിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിൽ യു.ഡി.എഫുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന്
മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ .എം .എ ഷുക്കൂർ, ജന.സെക്രട്ടറി കെ എസ് സിയാദ് എന്നിവർ അറിയിച്ചു.