
ഇടുക്കി: ബൈസൺവാലിക്കടുത്ത ചൊക്രമുടിയിലെ ഭൂമി കൈയേറ്റത്തിൽ സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറിക്കും റവന്യു മന്ത്രിയുടെ ഓഫീസിനുമെതിരെ പരസ്യമായി ആരോപണമുന്നയിച്ച ജില്ലാ കൗൺസിലംഗം വിനു സ്കറിയയെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.
ഗുരുതരമായ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടിയെന്ന് ജില്ലാ സെക്രട്ടറി കെ. സലീംകുമാർ അറിയിച്ചു. ചൊക്രമുടിയിലെ ഭൂമി കൈയേറ്റം ജില്ലാ സെക്രട്ടറിയുടെ അറിവോടെയാണെന്നും മന്ത്രിയുടെ ഓഫീസിൽ നിന്ന് വഴി വിട്ട ഇടപെടലുണ്ടായെന്നും കഴിഞ്ഞ ദിവസം വിനു സ്‌കറിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. കൈവശക്കാരുടെ അപേക്ഷയിൽ മന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് കുറ്റപ്പെടുത്തിയ വിനു ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവും ഉന്നയിച്ചു. സംസ്ഥാന നേതൃത്വത്തിന് നൽകിയ പരാതിയിൽ നടപടിയുണ്ടായില്ല. തന്റെ പരാതി അന്വേഷിക്കുന്നത് ആരോപണവിധേയനായ ജില്ലാ സെക്രട്ടറിയാണ്. ജില്ലാ സെക്രട്ടറി ലാഭത്തിന്റെ മൂന്നിലൊരു പങ്ക് പറ്റിയെന്നും വിനു പറഞ്ഞു. പരിസ്ഥിതി പ്രാധാന്യമുള്ള ചൊക്രമുടിയിലെ 25 ഏക്കറോളം സ്ഥലത്തെ നിർമ്മാണ പ്രവർത്തനങ്ങൾ റവന്യുവകുപ്പിന്റെ ഒത്താശയോടെയാണെന്ന ആരോപണത്തെ തുടർന്ന് റവന്യു മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു.