തൊടുപുഴ: മുല്ലപ്പെരിയാർ ഡാം ഉയർത്തുന്ന ആശങ്കയ്ക്ക് ശാശ്വത പരിഹാരം, 2014ലെ സുപ്രീം കോടതിയുടെ നി‌ർദ്ദേശ പ്രകാരം ടണൽ നിർമ്മിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനാധിപത്യ അവകാശ സംരക്ഷണ സമിതിയുടെയും നാഷണൽ അലൈൻസ് ഓഫ് പീപ്പിൾ മൂവ്മെന്റ് (എൻ.എ.പി.എം) എന്നിവയുടെ നേതൃത്വത്തിൽ 30ന് രാജ്ഭവനിലേക്ക് മാ‌ർച്ച് നടത്തുമെന്ന് നേതാക്കൾ വാ‌ർത്താസമ്മേളനത്തിൽ അറിയിച്ചു. ദേശീയ പ്രസിഡന്റ് മേധാ പദ്ക്കർ ഉദ്ഘാടനം ചെയ്യും. കഴി‌ഞ്ഞ 10 വർഷക്കാലമായി കേന്ദ്ര കേരള ഗവൺമെന്റുകൾ സുപ്രീംകോടതിയുടെ നി‌ർദ്ദേശം നടപ്പാക്കാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മുല്ലപ്പെരിയാർ ജീവൻ രക്ഷ സമര പ്രചരണക്യാമ്പയിൻ ഇടുക്കി, എറണാകുളം, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിൽ സെപ്തംബർ 18 മുതൽ ആരംഭിച്ചു. ക്യാമ്പയിനോട് അനുബന്ധിച്ച് ഒമ്പത് മുതൽ പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു. മുൻസിപ്പൽ സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന ധ‌ർണ്ണ ജനാധിപത്യ അവകാശ സംരക്ഷണ സമിതി പ്രസിഡന്റ് കെ.എം. സുബൈർ അദ്ധ്യക്ഷത വഹിച്ചു. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിക്ക് നിവേദനം നൽകാൻ ഒപ്പുശേഖരണവും സംഘടിപ്പിച്ചു. മുല്ലപ്പെരിയാർ സമരസമിതി മുൻ ചെയർമാൻ പ്രൊഫ. സി.പി. റോയ് ധർണ്ണ ഉദ്ഘാടനം ചെയ്തു. വാർത്താസമ്മേളനത്തിൽ ജനാധിപത്യ അവകാശ സംരക്ഷണ സമിതി പ്രസിഡന്റ് കെ.എം. സുബൈർ, പ്രൊഫ. സി.പി. റോയ്, മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ, സംസ്ഥാന പ്രസിഡന്റ് കെ.എം. സുബൈ‌ർ, സെക്രട്ടറി ആരിഫ മുഹമ്മദ്, ജനറൽ സെക്രട്ടറി സണ്ണി മാത്യു എന്നിവർ പങ്കെടുത്തു.