
മൂന്നാർ: 'രണ്ടുതവണയും രത്തൻ ടാറ്റ സാർ മൂന്നാറിലെത്തിയപ്പോൾ ബൊക്കെ നൽകി സ്വീകരിച്ചത് ഞാനാണ്. സാധാരണക്കാരനെപ്പോലെയാണ് അദ്ദേഹം ഞങ്ങളോട് ഇടപെട്ടത്. ഞങ്ങൾ പ്രകൃതിദത്തമായ ഡൈ ഉപയോഗിച്ച് നിർമ്മിച്ച ഷർട്ട് അദ്ദേഹത്തിന് നൽകി. അന്ന് തന്ന താങ്ക്സ് ലെറ്റർ ഇന്നും സൂക്ഷിച്ചിട്ടുണ്ട്."- ഇത്രയും പറഞ്ഞപ്പോഴേക്കും ഭാനുമതിയുടെ കണ്ണുകൾ നിറഞ്ഞു.
പതിറ്റാണ്ടുകൾക്ക് മുമ്പ് രത്തൻ ടാറ്റ മൂന്നാറിലെത്തിയതിന്റെ ഓർമ്മകളിലാണ് മൂന്നാർ നല്ലതണ്ണയിലുള്ള സൃഷ്ടി ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികളും തോട്ടം തൊഴിലാളികളും. അദ്ദേഹം രണ്ടുതവണ മൂന്നാറിൽ വന്നപ്പോഴും ഒഴിവാക്കാത്ത ഇടമാണ് ഭിന്നശേഷിക്കാരായ കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സൃഷ്ടി. 1997ലും 2009ലുമാണ് രത്തൻ ടാറ്റ മൂന്നാറിലെത്തിയത്. അവസാനമെത്തിയപ്പോൾ 'ഏറ്റവും മനോഹരമായ കലാസൃഷ്ടി"യെന്നാണ് അദ്ദേഹം സന്ദർശക ബുക്കിൽ കുറിച്ചത്.
ടാറ്റാ ട്രസ്റ്റിന്റെയും ടാറ്റാ കൺസ്യൂമർ പ്രോഡക്ടിന്റെയും പിന്തുണയോടെ 1991ലാണ് ഭിന്നശേഷിക്കാർക്കായി സൃഷ്ടി ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിക്കുന്നത്. രത്തൻ ടാറ്റയുടെ ഈ സ്വപ്നം യാഥാർത്ഥ്യമാക്കിയത് കഴിഞ്ഞ വർഷം അന്തരിച്ച ടാറ്റാ സൺസ് മുൻ ഡയറക്ടർ ആർ.കെ.കൃഷ്ണകുമാറിന്റെ ഭാര്യ രത്ന കൃഷ്ണകുമാറായിരുന്നു. രത്നയാണ് സൃഷ്ടിയുടെ സ്ഥാപകയും മാനേജിംഗ് ട്രസ്റ്റിയും. ട്രസ്റ്റിനു കീഴിൽ ആറ് യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേകം പരിചരണവും വിദ്യാഭ്യാസവും നൽകുന്ന ഡയർ സ്‌കൂളാണ് ഏറ്റവും പ്രധാനപ്പെട്ടത്.
5 വയസ് മുതൽ 18 വയസ് വരെയുള്ള 57 കുട്ടികളുണ്ടിവിടെ. 98 ശതമാനം പേരും തോട്ടം തൊഴിലാളികളുടെ മക്കളാണ്. പാഠപുസ്തകങ്ങളിൽ നിന്നുള്ള പഠനത്തിന് പുറമേ പാട്ടും നൃത്തവും മുതൽ പാചകം വരെ ഇവിടെ പരിശീലിപ്പിക്കുന്നു. കുട്ടികളുടെ പഠനചെലവ്,യാത്ര,ഭക്ഷണം എല്ലാം സൗജന്യമാണ്. 18 വയസ് പൂർത്തിയാകുന്നതോടെ ഇവരെ കഴിവ് അനുസരിച്ച് സൃഷ്ടിയുടെ ഏതെങ്കിലും യൂണിറ്റിലേക്ക് മാറ്റും. അതുല്യ പേപ്പർ ഫാക്ടറി,ആരണ്യ നാച്ചുറൽ വസ്ത്ര ഡൈയിംഗ് യൂണിറ്റ്,വാതിക പച്ചക്കറി പഴ പുഷ്പ ഗാർഡൻ,നിസർഗ ജാം ആൻഡ് പ്രിസർവേറ്റീവ് യൂണിറ്റ്, ഡേലി ബേക്കറി എന്നീ യൂണിറ്റുകളാണുള്ളത്. എല്ലാ യൂണിറ്റിലുമായി 117 ഭിന്നശേഷിക്കാരാണ് ജോലി ചെയ്യുന്നത്.
'രത്തൻ ടാറ്റ ആരണ്യ നാച്ചുറൽ വസ്ത്ര ഡൈയിംഗ് യൂണിറ്റിൽ വിളിച്ച് ഓർഡർ ചെയ്‌ത്
ഷർട്ട് വാങ്ങുമായിരുന്നു. ഷർട്ട് കിട്ടിയാലുടൻ പണവും അയച്ച് നൽകുമായിരുന്നു."
-രത്ന കൃഷ്ണകുമാർ (മാനേജിംഗ് ട്രസ്റ്റി, സൃഷ്ടി)
'1991ലാണ് അദ്ദേഹം ടാറ്റ സൺസ് കമ്പനിയുടെ തലപ്പത്തെത്തുന്നത്. 2012 പൂർത്തിയാകുമ്പോൾ രത്തൻ ടാറ്റയ്ക്ക് കീഴിൽ കമ്പനി 100 ഇരട്ടി വളർച്ച നേടി. ഭിന്നശേഷിക്കാർക്കായുള്ള സൃഷ്ടി വെൽഫെയർ സെന്റർ,ഡെയർ സ്‌കൂൾ തുടങ്ങിയ വിവിധ സ്ഥാപനങ്ങൾക്ക് വലിയ പിന്തുണ നൽകി."
-കെ.ഡി.എച്ച്.പി കമ്പനി
എം.ഡി മാത്യു എബ്രഹാം