തൊടുപുഴ: നഗരത്തിൽ തെരുവിളക്കുകൾ അറ്റകുറ്റപണി നടത്തുന്നതിലും കരാർ നൽകിയതിലും വലിയ അഴിമതി നടന്നതായി ആക്ഷേപം ഉയ‌‌ർന്നിട്ടും നടപടി സ്വീകരിക്കാത്ത നഗരസഭ സെക്രട്ടറിയുടെ ഓഫീസ് ഡി.വൈ.എഫ്.ഐ തൊടുപുഴ ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. ഇന്നലെ രാവിലെ 11നായായിരുന്നു സംഭവം. വിളക്കുകൾ പുനഃസ്ഥാപിക്കാനും കേടുപാടുകൾ സംഭവിച്ചവ മാറ്റാനുമായിരുന്നു കരാർ. ഇതിന്റെ നടത്തിപ്പിൽ അഴിമതി നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇതിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് കഴിഞ്ഞ 20ന് ചേർന്ന കൗൺസിൽ യോഗം ഒറ്റക്കെട്ടായി തീരുമാനിച്ചിരുന്നു. ഈ വിഷയത്തിൽ മുൻസിപ്പൽ സെക്രട്ടറി അടിയന്തരമായി തുടർനടപടി സ്വീകരിക്കാതെ വന്നതിനാലാണ് ഡി.വൈ.എഫ്.ഐ ഈസ്റ്റ്‌ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസിൽ പ്രധിഷേധം നടത്തിയത്. അഴിമതിക്കാരെ സംരക്ഷിക്കുന്ന സമീപനം അവസാനിപ്പിച്ച് വിജിലൻസ് അന്വേഷണത്തിന് നടപടി സ്വീകരിക്കുംവരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഓഫീസിൽ കുത്തി ഇരുന്ന് പ്രതിഷേധിച്ചു. രണ്ട് മണിക്കൂറോളം ഉപരോധം നീണ്ടു. ഒടുവിൽ കൗൺസിൽ തീരുമാനപ്രകാരമുള്ള വിജിലൻസ് അന്വേഷണത്തിന് തുടർനടപടി സ്വീകരിക്കാൻ സെക്രട്ടറി ഉത്തരവിട്ടത്തോടെയാണ് സമരം അവസാനിപ്പിച്ച് പ്രതിഷേധക്കാർ പിൻവാങ്ങിയത്. അഴിമതിക്കാരെ ആര് സംരക്ഷിച്ചാലും അനുവദിക്കില്ലെന്നും നഗരസഭയിൽ ഉദ്യോഗസ്ഥർ നടത്തുന്ന ഇത്തരം അഴിമതികൾക്കെതിരെ സമരങ്ങൾ നടത്തുമെന്നും നേതാക്കൾ പറഞ്ഞു. ജില്ലാ കമ്മറ്റി അംഗങ്ങളായ എം.എസ്. ശരത്, പവിരാജ് വി.ആർ, അബിൻ മുഹമ്മദ്‌ എന്നിവരാണ് സമരത്തിന് നേതൃത്വം നൽകിയത്.