
കട്ടപ്പന : ദിനംപ്രതി വ്യാപാരികളെ ദ്രോഹിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന നഗരസഭയുടെ നയങ്ങളിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കട്ടപ്പന നഗരസഭയുടെ പച്ചക്കറി മാർക്കറ്റ് മത്സ്യ മാർക്കറ്റ് റോഡുകൾ,പുതിയ ബസ്റ്റാൻഡ് പഴയ ബസ്റ്റാൻഡ് കവാട റോഡുകൾ എന്നിവ ഗതാഗത യോഗ്യമാക്കുക, പുതിയ ബസ് സ്റ്റാൻഡിൽ നഗരസഭയുടെ ഉടമസ്ഥിതികളുള്ള കോംപ്ലക്സിൽ വ്യാപാരം നടത്തുന്നവർക്ക് ശുദ്ധജല സൗകര്യവും ശുചിമുറി സൗകര്യവും ഏർപ്പെടുത്തുക,കെട്ടിടത്തിന്റെ ചോർച്ചക്ക് പരിഹാരം ഉണ്ടാക്കുക, പുതിയ ബസ്റ്റാൻഡിലെ വഴിവിളക്കുകൾ പ്രവർത്തനക്ഷമമാക്കുക, പുതിയ ബസ്റ്റാൻഡിന്റെ പരിസരത്തുമുള്ള തെരുവുനായ ശല്യത്തിന് പരിഹാരം കാണുക, വഴിയോരക്കച്ചവടവും, അനധികൃതമായി കെട്ടിടങ്ങളിൽ പഴകിയ വസ്തുക്കൾ വ്യാപാരം നടത്തുന്നതും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ സംഘടിപ്പിച്ചത്. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ സമരം ഉദ്ഘാടനം ചെയ്തു.
ധർണയിൽ വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു,ജില്ലാ പ്രസിഡന്റ് റോജി പോൾ മുഖ്യപ്രഭാഷണം നടത്തി. നൗഷാദ് ആലുംമൂട്ടിൽ, അനൂപ് മറയൂർ, ധനേഷ് കുമാർ,ഡോ.പ്രജിൽ ബാബു, ഷിബു ഉള്ളൊരുപ്പേൽ, വി എ അൻസാരി, സിജു തനിമ, സൗപർണിക സരിൽ , എം ആർ അയ്യപ്പൻകുട്ടി, ജി എസ് ഷിനോജ്, ആൽവിൻ തോമസ്, പി .ജെ കുഞ്ഞുമോൻ എന്നിവർ നേതൃത്വം നൽകി.