ഇടുക്കി : ജില്ലയിൽ പലയിടത്തും കന്നുകാലികളിൽ പ്രത്യേകിച്ച് പശുക്കളിൽ വ്യാപകമായി വയറിളക്കം കാണപ്പെടാൻ തുടങ്ങിയിട്ടുണ്ടെന്നും ഇതിന് ഫലപ്രദമായ ചികിൽസ ആവശ്യമാണെന്നും ജില്ലാ മൃഗസംരക്ഷണവകുപ്പ് .പാലുത്പ്പാദനത്തിലെ ഗണ്യമായ കുറവ്, രക്തം കലർന്നതോ അല്ലാത്തതോ ആയ വയറിളക്കം, തീറ്റയെടുക്കാൻ മടി, ക്ഷീണം എന്നിവയാണ് രോഗലക്ഷണങ്ങൾ. ചില ഫാമുകളിൽ മൃഗസംരക്ഷണവകുപ്പ് നടത്തിയ പരിശോധനയിൽ കമ്പംപൊടിയിലെ പൂപ്പൽ വിഷമാണ് പ്രധാന കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ അനുസരിച്ചുള്ള മരുന്നുകൾ നൽകുന്നതും പൂപ്പൽ വിഷം സംശയിക്കുന്ന തീറ്റകൾ ഒഴിവാക്കുന്നതുമാണ് പ്രധാന ചികിത്സയെന്ന് അധികൃതർ പറഞ്ഞു.
രോഗലക്ഷണങ്ങൾ കണ്ടാൽ അതത് പഞ്ചായത്ത് മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് വിദഗ്ദ്ധചികിത്സ ഉറപ്പാക്കേണ്ടതാണ്. പൂപ്പൽബാധ ഉണ്ടെന്ന് സംശയിക്കുന്ന തീറ്റകൾ നന്നായി വെയിലത്ത് ഉണക്കി ജലാംശം പൂർണ്ണമായും ഒഴിവാക്കിയതിന് ശേഷം തീറ്റയായി നൽകുന്നത് ഒരു പരിധിവരെ പൂപ്പൽ വിഷബാധ തടയും. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് കിരണങ്ങളാണ് പൂപ്പൽ വിഷബാധയെ ഒഴിവാക്കാൻ സഹായിക്കുന്നത്.
തീറ്റയിലെ
ഈർപ്പം കളയണം
തീറ്റകൾ സൂക്ഷിക്കുന്നതിന് വായു കടക്കാത്ത അടച്ചുറപ്പുള്ള പാത്രങ്ങളോ, വീപ്പകളോ ഉപയോഗിക്കേണ്ടതാണ്. കൂടാതെ പൈനാപ്പിൾ ഇലകൾ, പുല്ല് മുതലായവയിലെ നനവും പലപ്പോഴും വയറിളക്കത്തിന് കാരണമാകുന്നു. അതിനാൽ നനവുള്ള പുല്ലുകളും മറ്റ് തീറ്റകളും വെയിലത്ത് വച്ച് ഈർപ്പം കളഞ്ഞതിന് ശേഷം മാത്രം പശുക്കൾക്ക് തീറ്റയായി നൽകുക.