enquiry-adimali

=നിലച്ചത് അടിമാലി കെ .എസ് .ആർ. ടി.സിയുടെ എൻക്വയറി ഓഫീസ്

=വിനോദസഞ്ചാരികൾ അടക്കമുള്ളവർ ഏറെ ബുദ്ധിമുട്ടുന്നു

അടിമാലി: അടിമാലിയിൽ തുറന്ന കെ .എസ് .ആർ. ടി സിയുടെ എൻക്വയറി ഓഫീസിന്റെ പ്രവർത്തനം നിലച്ചു.ജീവനക്കാരുടെ കുറവ് മൂലമാണ് ഓഫീസിന്റെ പ്രവർത്തനം നിർത്തിവെച്ചത് . ഏതാനും ദിവസങ്ങൾക്ക് മുൻപാണ് യാത്രക്കാരുടെ ദുരിതം ഇരട്ടിപ്പിച്ച് എൻക്വയറി ഓഫീസിന്റെ

പ്രവ‌ർത്തനം നിലച്ചത്. അടിമാലിയിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ തന്നെയാണ് കെ. എസ്. ആർ .ടി .സി ബസുകളും പാർക്ക് ചെയ്യുന്നത്.ദീർഘദൂര ബസുകളടക്കം ദിവസവും നിരവധിയായ കെ.എസ്.ആർ.ടി.സി ബസ് സർവ്വീസുകൾ അടിമാലി വഴി കടന്നു പോകുന്നുണ്ട്.ഈ ബസുകളുടെ സമയമറിയാനും മറ്റന്വേഷണങ്ങൾക്ക് സഹായകരമെന്ന രീതിയിലുമായിരുന്നു മാസങ്ങൾക്ക് മുമ്പ് അടിമാലിയിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ കെ എസ് ആർ ടി സിയുടെ എൻക്വയറി ഓഫീസ് തുറന്നത്.യാത്രകാർക്ക് ഗുണകരമായിരുന്ന ഈ ഓഫീസിന്റെ പ്രവർത്തനമാണിപ്പോൾ നിലച്ചിരിക്കുന്നത്.എൻക്വയറി ഓഫീസ് തുറക്കാതായതോടെ കെ .എസ് .ആർ .ടി.സി സർവ്വീസുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരക്കാൻ അടിമാലി ബസ് സ്റ്റാൻഡിൽ സൗകര്യമില്ലാതായി .ബസ് സ്റ്റാൻഡ് പരിസരത്ത് പഞ്ചായത്തിന്റെ ബസ് കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്നായിരുന്നു എൻക്വയറി ഓഫീസ് .തുടക്കത്തിൽ മികച്ച രീതിയിലായിരുന്നു ഓഫീസിന്റെ പ്രവർത്തനം.മൂന്നാറിലേയ്ക്കടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലയേയ്ക്ക് വിദേശ ടൂറിസ്റ്റുകൾ ഉൾപ്പടെയുള്ളർ പോകാൻ എത്തുന്ന ബസ് സ്റ്റാന്റാണ് അടിമാലിയിലേത്.ഇവിടെ നിന്നും യാത്ര സംബന്ധമായി ലഭിക്കുന്ന സൗകര്യം നിലച്ചതോടെ വിനോദസഞ്ചാരികളുടെ യാത്രയക്കടക്കം ദുരിതത്തിലായി.

വിളിക്കണം

മൂന്നാറിലേയ്ക്ക്

അടിമാലി വഴി കടന്നു പോകുന്ന കെ.എസ്.ആർ.ടി.സി ബസുകളുടെ വിവരങ്ങൾ തിരക്കാൻ അടിമാലിയിലെ ആളുകൾ നിലവിൽ മൂന്നാർ ഡിപ്പോയിലേക്ക് വിളിക്കേണ്ട സ്ഥിതിയാണുള്ളത്. ഇങ്ങനെ വിളിക്കുന്നത് പലപ്പോഴും യാത്രക്കാർക്കും മൂന്നാറിലെ ജീവനക്കാർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.ഇത്തരം സാഹചര്യങ്ങൾ പരിഗണിച്ച് അടിമാലിയിലെ കെ.എസ്.ആർ.ടി.സിയുടെ എൻക്വയറി ഓഫീസ് പ്രവർത്തന സജ്ജമാക്കണമെന്നാണ്‌ യാത്രിക്കാരുടെ ആവശ്യം.