 
കട്ടപ്പന: ഇരട്ടയാർ നാലുമുക്കിൽ വീടിനു തീപിടിച്ച് ഭീമമായ നഷ്ടം.ചക്കാലയിൽ ജോസഫ് മത്തായിയുടെ പഴയ വീടിനാണ് അഗ്നിബാധിയുണ്ടായത് . മുൻമന്ത്രി എം എം മണിയുടെ ഗൺമാൻ അൽഫോൺസിന്റെ പിതാവവാണ് ചക്കാലയിൽ ജോസഫ് മത്തായി.വ്യാഴം രാത്രി 9.15 ഓടെയാണ് സംഭവം. നാട്ടുകാരുടെ നേതൃത്വത്തിൽ ആദ്യം തീ അണക്കാനുള്ള ശ്രമം ആരംഭിച്ചുവെങ്കിലും വീണ്ടും തീ ആളിപ്പടർന്നതോടെ ആശങ്ക വർദ്ധിച്ചു . തുടർന്ന് കട്ടപ്പന ഫയർഫോഴ്സിൽ വിവരം അറിയിച്ചതനുസരിച്ച് 2 യൂണിറ്റ് ഫയർഫോഴ്സ് ടീമെത്തി. തുടർന്ന് ഫയർഫോഴ്സിന്റെയും പ്രദേശവാസികളുടെയും ഒരു മണിക്കൂർ നേരത്തെ ശ്രമഫലമായിട്ടാണ് തീയണച്ചത് . വീട്ടിൽ താമസിച്ചിരുന്ന
ജാർഖണ്ഡിൽ നിന്നുമെത്തിയ അ്യസംസ്ഥാന തൊഴിലാളികളായ
ദമ്പതികളും മകനും തീ പടരുന്നത് കണ്ട് ഓടിമാറിയതിനാൽ രക്ഷപ്പെട്ടു. സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന
1000 കിലോയോളം കുരുമുളകും 300 കിലോയോളം ഏലക്ക , 500 കിലോയോളം റബർ ഷീറ്റ് , വീട്ടുപകരണങ്ങൾ എന്നിവക്കെല്ലാം നാശനഷ്ടം നേരിട്ടു. വീടിന്റെ ഉൾഭാഗം പൂർണ്ണമായും കത്തിനശിച്ചു. 10 ലക്ഷത്തിലധികം രൂപയുടെ നഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ..സ്റ്റോറും കൂടിയായ വീട്ടിൽ പുകയ്ക്കാൻ ഇട്ടിരുന്ന റബർ ഷീറ്റ് ഉരുകി വീണ് തീ പടർന്നതാകാം എന്നാണ് വീട്ടുടമ പറയുന്നത് . വീട്ടിൽ ഉണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് തീപടരുന്ന വിവരം വീട്ടുടമയെ അറിയിച്ചത്.
കട്ടപ്പന ഫയർഫോഴ്സ് അസി. സ്റ്റേഷൻ ഓഫീസർ പോൾ ഷാജി ആന്റണിയുടെ നേതൃത്വത്തിലുള്ള സദാനന്ദൻ എൻ.റ്റി , പ്രദീപ് കുമാർ, അഭിമോദ്, കബീർ എം.എച്ച്, ജോമോൻ, ജോസഫ്, അനിൽ ഗോപി എന്നിവരുടെ സംഘവും, വാർഡ് മെമ്പർ ആനന്ദ് സുനിൽകുമാർ,തങ്കമണി എസ് .പി .ഒ മാത്യൂസ് തോമസ്, സി.പി.ഒ ബിനേഷ് കെ പി, പ്രദേശവാസികൾ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.