uthgadanam
അടിമാലി എസ്. എൻ .ഡി .പി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽസ്‌കിൽ എക്സിബിഷൻ ഉദ്ഘാടനം ജില്ലാ കളക്ടർ വി .വിഘ്‌നേശ്വരി നിർവഹിക്കുന്നു

അടിമാലി: അടിമാലി എസ്. എൻ .ഡി .പി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ സൃഷ്ടി റ്റുകെ24എന്ന പേരിൽസ്‌കിൽ എക്സിബിഷൻ നടന്നു. ജില്ലാ കളക്ടർ വി. വിഘ്‌നേശ്വരി ഉദ്ഘാടനം നിർവ്വഹിച്ചു. സ്‌കൂൾ മാനേജർ ബിജു മാധവൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ സാങ്കേതിക മുന്നേറ്റങ്ങൾ പ്രദർശിപ്പിക്കുകയെന്നതാണ് എക്സിബിഷന്റെ ലക്ഷ്യമെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. സ്‌കൂളിലെ ഇലക്ട്രിക്കൽ, മെക്കാനിക്കൽ,ഓട്ടോ മൊബൈൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ തയ്യാറാക്കിയ നൂതന കണ്ടുപിടുത്തങ്ങളും പൊലീസ്, ഫയർഫോഴ്സ്, കെ .എസ് .ഇ .ബി തുടങ്ങി വിവിധ വകുപ്പുകളുടെ സ്റ്റാളുകളും എക്സിബിഷന്റെ ഭാഗമായി ഒരുക്കിയിരുന്നു. ഐ.എസ്ആർഒ സ്‌പേസ് ഓൺ വീൽസ് എക്സിബിഷനും പരിപാടിയുടെ ഭാഗമായി ഒരുക്കി. വിവിധ സ്റ്റാളുകളുടെ ഉദ്ഘാടനം അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ, വിശ്വദീപ്തി പബ്ലിക് സ്‌കൂൾ പ്രിൻസിപ്പാൾ ഫാ. ഡോ. രാജേഷ് ജോർജ്ജ് എന്നിവർ നിർവ്വഹിച്ചു. സാങ്കേതിക മേഖലയിൽ ഉപരി പഠന തൊഴിൽ സാധ്യത മുൻനിർത്തി തുടർ വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിവിധ കോളേജുകളുടെ ടെക് കരിയർ ഫെസ്റ്റും എക്സിബിഷന്റെ ഭാഗമായി നടന്നു.വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും പൊതുജനങ്ങളും ഉൾപ്പെടെ എക്സിബിഷനിൽ സന്ദർശകരായി എത്തി.എൻ എസ് എസ് യൂണിറ്റ്, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിൽ ഭക്ഷണശാലകളും ക്രമീകരിച്ചിരുന്നു.എക്സിബിഷന്റെ ഭാഗമായി നടന്ന ശ്വാന പ്രദർശനം കൗതുകം ജനിപ്പിക്കുന്ന തായി .ഓട്ടോ എക്സ്‌പോയും കാഴ്ച്ചക്കാരെ ആകർഷിച്ചു.ശാസ്ത്ര, പരീക്ഷണ രംഗത്ത് കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനും മുമ്പോട്ട് പോകാനും കരുത്ത് പകരുന്നതായി എക്സിബിഷൻ മാറി.