 
തൊടുപുഴ: മധ്യകേരളത്തിന്റെ ഓക്സിജൻ പാർലറെന്ന് അറിയപ്പെടുന്ന അപൂർവ്വയിനം സസ്യങ്ങളും കാട്ടുമൃഗങ്ങളും നിറഞ്ഞ സംരക്ഷിതകാടായ ഇടുക്കി വനമേഖല നിറഞ്ഞ് ടൺ കണക്കിന് മാലിന്യം. വനത്തിലൂടെ കടന്ന് പോകുന്ന സംസ്ഥാന പാതയുടെ ഇരു വശങ്ങളിലുമാണ് മാലിന്യകൂമ്പാരം രൂപപ്പെട്ടിരിക്കുന്നത്. നിത്യേന നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന തൊടുപുഴ- പുളിയൻമല സംസ്ഥാന പാത ഈ വനത്തിന് നടുവിലൂടെയാണ്. 18 കിലോമീറ്റർ സംസ്ഥാന പാതയാണ് വനത്തിലൂടെ കടന്ന് പോകുന്നത്. ദൂരെ സ്ഥലങ്ങളിൽ നിന്നുൾപ്പെടെ വാഹനങ്ങളിലെത്തിക്കുന്ന മാലിന്യമാണ് രാത്രിയുടെ മറവിൽ വനത്തിൽ തള്ളുന്നത്. ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും അയൽ ജില്ലകളിൽ നിന്നും മാലിന്യം നിറച്ച വാഹനങ്ങൾ ഇവിടേക്കെത്തി വനത്തിൽ മാലിന്യം തള്ളിയ ശേഷം തിരിച്ച് പോകുകയുമാണ് പതിവ്. പാതയോരത്ത് വാഹനങ്ങൾ നിറുത്തിയിടാറുള്ള ഭാഗങ്ങളിലെല്ലാം മാലിന്യം കുമിഞ്ഞ് കൂടിയിരിക്കുകയാണ്. വൻ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഈ വിഷയത്തിൽ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. നഗരംപാറ വൈരമണി ഫോറസ്റ്റ് സ്‌റ്റേഷനുകളുടെ അതിർത്തി വഴിയാണ് വനപാതയിലേക്ക് കയറുന്നതും ഇറങ്ങുന്നതും. ഇരു വശത്തും രാത്രി കാലങ്ങളിലെങ്കിലും ചെക്പോസ്റ്റുകളും പരിശോധനകളും ഒപ്പം രാത്രികാല പട്രോളിംഗും ഏർപ്പെടുത്തിയാൽ ഒരു പരിധി വരെ വനത്തിലെ മാലിന്യം തള്ളൽ തടയാനാകും. ഇതോടൊപ്പം നിരീക്ഷണ ക്യാമറകളും കൂടി സ്ഥാപിച്ചാൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താനുമാകും.
മലിനമായി ജലസോത്രസും
റോഡിന് സമീപമായി നിരവധി നീർച്ചാലുകളാണ് വനത്തിലൂടെ ഒഴുകുന്നത്. മാലിന്യം നിറഞ്ഞ നീർച്ചാലുകൾ നേരിട്ട് ഒഴുകിയെത്തുന്നത് ഇടുക്കി ജലാശയത്തിലേക്കാണ്. ഇവിടെ നിന്നുള്ള വെള്ളം മൂലമറ്റം പവർ ഹൗസിലെ വൈദ്യുതോത്പാദനത്തിന് ശേഷം പുറന്തള്ളുന്നത് തൊടുപുഴ- മൂവാറ്റുപുഴ ആറുകളിലേക്കും മലങ്കര ജലാശയത്തിലേക്കുമാണ്. നൂറ് കണക്കിന് കുടിവെള്ള പദ്ധതികളാണ് ഈ ജലസ്രോതസുകളെ ആശ്രയിച്ച് പ്രവർത്തിക്കുന്നത്.
വന്യമൃഗങ്ങൾക്ക് വലിയ ഭീഷണി
മാലിന്യത്തിലെ ഭക്ഷ്യാവശിഷ്ടങ്ങൾ കഴിക്കുന്നതിനായി വന്യമൃഗങ്ങൾ റോഡരികിലേക്ക് എത്തുന്നത് പതിവാണ്. ആന, കേഴ, മ്ലാവ്, കുരങ്ങ്, കാട്ട് പന്നി തുടങ്ങി ചെറുതും വലുതുമായ വന്യമൃഗങ്ങളാണ് മാലിന്യം ഭക്ഷിക്കാനെത്തുന്നത്. ആശുപത്രി മാലിന്യമടക്കമുള്ളവ ഭക്ഷിച്ച് മൃഗങ്ങൾ മാരക രോഗ വാഹകരാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിന് പുറമേ അവശിഷ്ടങ്ങളിലെ ചില്ലുകൾ തറച്ച് മൃഗങ്ങൾക്ക് മുറിവേൽക്കുന്നതിനും സാധ്യതയേറെയാണ്.