sndp
എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ കുമാരി സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന 'ടേണിംഗ് പോയിന്റ്

കട്ടപ്പന: പെൺകുട്ടികൾ ജീവിതത്തെക്കുറിച്ച് വലിയ സ്വപ്നങ്ങളുള്ളവരും അതിന് വേണ്ടി പരിശ്രമിക്കുന്നവരുമാകണമെന്ന് എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ പറഞ്ഞു. മലനാട് യൂണിയൻ കുമാരി സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന 'ടേണിംഗ് പോയിന്റ് " ഏകദിന കരിയർ ഗൈഡൻസ് ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാം സ്വാശ്രയ ബോധമുള്ളവരും മറ്റുള്ളവരെ ആശ്രയിക്കാൻ താത്പര്യമില്ലാത്തവരുമാകണം. ലോകമെമ്പാടുമുള്ള ഒട്ടേറെ വനിതകളെയും നമുക്കതിന് മാതൃകയാക്കാവുന്നതാണ്. ശ്രീനാരായണ ഗുരുദേവ ധർമ്മം ജീവിതത്തിന്റെ വളർച്ചയ്ക്ക് അനിവാര്യമാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുമാരി സംഘം സംഘടിപ്പിച്ച കരിയർ ഗൈഡൻസ് & മോട്ടിവേഷൻ ക്ലാസ് ബിജു പുളിക്കലേടത്ത് നയിച്ചു. 38 ശാഖയിൽ നിന്നുമുള്ള കുമാരി സംഘം യൂണിറ്റുകളിൽ നിന്നായി നൂറുകണക്കിന് കുട്ടികൾ ക്ലാസിൽ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യപ്രഭാഷണം നടത്തി. കുമാരി സംഘം യൂണിയൻ പ്രസിഡന്റ് കെ.ബി. രേഷ്മ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് കുമാരിസംഘം സെക്രട്ടറി ആര്യ മോൾ സ്വാഗതം പറഞ്ഞു. യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ. സോമൻ, വനിതാ സംഘം പ്രസിഡന്റ് സി.കെ. വത്സ, വൈസ് പ്രസിഡന്റ് ജയമോൾ സുകു, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി വിഷ്ണു കാവനാൽ, സൈബർ സേന ചെയർമാൻ അരുൺകുമാർ എന്നിവർ പങ്കെടുത്തു.