തൊടുപുഴ: വിജയദശമിയോടനുബന്ധിച്ച് രാഷ്ട്രീയസ്വയം സേവക സംഘം തൊടുപുഴ സംഘജില്ലയിലെ പ്രവർത്തകർ നഗരത്തിൽ പഥസഞ്ചലനം നടത്തി. പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള തെനംകുന്ന് ബൈപാസിൽ നിന്നുമാരംഭിച്ച പഥസഞ്ചലനം ടൗൺ ചുറ്റി ഈസ്റ്റേൺ ഗ്രൗണ്ടിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുപരിപാടിയിൽ ചാഴികാട് ആശുപത്രി എം.ഡി ഡോ. ജോസഫ് സ്റ്റീഫൻ (ജോസ് ഡോക്ടർ) അദ്ധ്യക്ഷനായി. ദേശീയതയിൽ ഊന്നി നിന്ന് പ്രവർത്തിക്കുന്ന സംഘടനയാണ് ആർ.എസ്.എസെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണ കേരള പ്രാന്ത സഹ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പി. ആർ. സജീവ് മുഖ്യപ്രഭാഷണം നടത്തി. വിഭാഗ് സംഘചാലക് കെ.എൻ. രാജു, ജില്ലാ സംഘചാലക് എസ്. സുധാകരൻ എന്നിവർ പങ്കെടുത്തു. പൊതുപരിപാടിയിൽ സ്വയംസേവകരുടെ കായിക പ്രദർശനവും ഘോഷ് പ്രദർശനവും നടന്നു.