പീരുമേട്: കൊട്ടരക്കര ഡിണ്ടിഗൽ ദേശീയ പാതയിൽ കുട്ടിക്കാനം തട്ടാത്തിക്കാനത്ത് രാത്രിയിൽ കാട്ടാനകളെത്തി വ്യാപകമായി കൃഷി നശിപ്പിച്ചു. ശനി രാത്രിയിൽ ഇറങ്ങിയ കാട്ടാനകൾ കൃഷിസ്ഥലത്തെ കയ്യാലകളെല്ലാം കയറി നശിപ്പിച്ചു. ദേശീയപാത മുറിച്ചു കടന്നാണ് കാട്ടാനകൾ ജനവാസ മേഖലയിലെത്തിയത്. മുമ്പ് ഈ പ്രദേശത്തിന്റെ മുകൾ ഭാഗത്താണ് കാട്ടാനകൾ എത്തിയിരുന്നത്. സംഭവമറിഞ്ഞ ഉടൻ വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തിയെങ്കിലും കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്താനായിട്ടില്ല. കാട്ടാനകൾ കൂടുതൽ ജനവാസ മേഖലയിലേക്ക് ഇറങ്ങി വരുന്നത് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
പടയപ്പയും ജനവാസമേഖലയിൽ
മൂന്നാർ: കാട്ടാന പടയപ്പ വീണ്ടും ജനവാസ മേഖലയിലിറങ്ങി. ദേവികുളം മുക്കത്ത് ജോർജ്ജിന്റെ വീട്ടിലാണ് ആനയെത്തിയത്. ഇന്നലെ പുലർച്ചെ മൂന്നിന് ഇവിടേക്കെത്തിയ ആന ഗേറ്റ് തള്ളിത്തുറന്ന് അകത്ത് പ്രവേശിച്ചു. എന്നാൽ കാര്യമായ നാശനഷ്ടമൊന്നും വരുത്താതെ ആന വനമേഖലയിലേക്ക് മടങ്ങുകയും ചെയ്തു. ഇത് പതിമൂന്നാം തവണയാണ് ഈ വീടിന്റെ മുറ്റത്ത് പടയപ്പയെത്തുന്നത്. ഇതുവരെയും നാശനഷ്ടമൊന്നും വരുത്തിയിട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്. വനംവകുപ്പിന്റെ ആർ.ആർ.ടി സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.