തൊടുപുഴ: വിജയദശമി ദിവസം അക്ഷരപുണ്യം നുകർന്ന് കുരുന്നുകൾ അറിവിന്റെ ലോകത്തിലേയ്ക്ക് പിച്ചവെച്ചു. നവരാത്രി ദിനങ്ങളുടെ സമാപന ദിവസമായ ഇന്നലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിദ്യാരംഭ ചടങ്ങുകൾ നടന്നു. വിവിധയിടങ്ങളിൽ ആചാര്യന്മാർ കുരുന്നുകൾക്ക് ആദ്യാക്ഷരങ്ങൾ പകർന്ന് നൽകി. ഇതോടൊപ്പം വിവിധ കലകൾ അഭ്യസിക്കുന്നവർ ഗുരുദക്ഷിണ വച്ച് ആരംഭം കുറിച്ചു. വിവിധ കലകൾ അഭ്യസിച്ചവരുടെ അരങ്ങേറ്റവും ഇതോടൊപ്പം നടന്നു. വിദ്യാരംഭച്ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രിമാർ, ശാന്തിമാർ, അദ്ധ്യാപകർ, വിവിധ മേഖലകളിൽ പ്രശസ്തരും പ്രഗത്ഭരുമായ വ്യക്തികൾ തുടങ്ങിയവർ നേതൃത്വം നൽകി.
നവരാത്രി ഉത്സവം സമാപിച്ചു
കോടിക്കുളം: അഞ്ചക്കുളം മഹാദേവീ ക്ഷേത്രത്തിലെ നവരാത്രി ഉത്സവം വിദ്യാസരസ്വതി മഹായജ്ഞം, വിദ്യാരംഭം, സമൂഹ വാഹനപൂജ, മഹാപ്രസാദ ഊട്ട് എന്നീ പരിപാടികളോടെ സമാപിച്ചു. അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ക്ഷേത്രം ആചാര്യൻ ചേർത്തല സുമിത് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ വിദ്യാരംഭം, വിദ്യാസരസ്വതി മഹായജ്ഞം, സമൂഹ വാഹനപൂജ, മഹാപ്രസാദഊട്ട് എന്നീ ചടങ്ങുകൾ നടന്നു. നവരാത്രി ഉത്സവത്തിന് എത്തിച്ചേരുന്ന മുഴുവൻ ഭക്തർക്കും അന്നദാനം ഉൾപ്പടെ എല്ലാ സൗകര്യങ്ങളും അഞ്ചക്കുളം ക്ഷേത്ര ദേവസ്വം ഒരുക്കിയിരുന്നു.