പരിമിതികളിൽ വീർപ്പുമുട്ടി തന്ത്രപ്രധാനമായ മുല്ലപ്പെരിയാർ സ്റ്റേഷൻ
കുമളി: കേരളത്തിന്റെ എക്കാലത്തെയും ആശങ്കയായ, 129 വയസ് പൂർത്തിയായ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി എട്ട് വർഷം മുമ്പ് ആരംഭിച്ച പൊലീസ് സ്റ്റേഷന്റെ കഥ കൗതുകം നിറഞ്ഞതും അവിടത്തെ പൊലീസുകാരുടെ അവസ്ഥ പരിതാപകരവുമാണ്. 124 സേനാംഗങ്ങളുള്ള കേരളത്തിലെ ഏറ്റവും വലിയ പൊലീസ് സ്റ്റേഷനാണിത്. എന്നാൽ സ്വന്തം അധികാര പരിധിക്കുള്ളിൽ സ്റ്റേഷനില്ലാത്ത കേരളത്തിലെ ഏക പൊലീസ് സ്റ്റേഷനും ഇത് തന്നെയാണ്. മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷന്റെ അധികാരപരിധി മുല്ലപ്പെരിയാർ അണക്കെട്ടും പരിസരപ്രദേശങ്ങളുമാണെങ്കിലും സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് 16 കിലോമീറ്റർ അകലെയുള്ള വണ്ടിപ്പെരിയാറിലാണ്. അതും താത്കാലിക കെട്ടിടത്തിൽ. 2016ലാണ് അണക്കെട്ടിന്റെയും സമീപപ്രദേശങ്ങളിലുള്ളവരുടെയും സുരക്ഷയ്ക്കായി മുല്ലപ്പെരിയാറിൽ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നത്. ഇതിനായി അണക്കെട്ടിന് സമീപത്തെ വനംവകുപ്പിന്റെ കെട്ടിടം കണ്ടെത്തിയെങ്കിലും സൗകര്യങ്ങളുടെ അപര്യാപ്തത മൂലം താത്കാലികമായി സ്റ്റേഷന്റെ പ്രവർത്തനം വണ്ടിപ്പെരിയാറിൽ ആരംഭിക്കുകയായിരുന്നു.
35 പേർക്ക് മൂന്ന് ഷെഡ്
വണ്ടിപ്പെരിയാറിൽ സ്വന്തമായി ഇരിപ്പിടം പോലുമില്ലാത്ത താത്കാലിക കെട്ടിടത്തിലാണ് ഒരു ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ രണ്ട് സർക്കിൾ ഇൻസ്‌പെക്ടർമാർ, അഞ്ച് സബ് ഇൻസ്‌പെക്ടർമാർ എന്നിവരുൾപ്പെടെയുള്ള സേനാംഗങ്ങൾ ജോലി ചെയ്യുന്നത്. തസ്തിക പ്രകാരം 124 സേനാംഗങ്ങളാണുള്ളതെങ്കിലും നിലവിൽ ഏഴുപതോളം പേരാണ് അടിസ്ഥാന സൗകര്യം പോലുമില്ലാതെ പൊറുതിമുട്ടുന്നത്. തമിഴ്നാട് കനിഞ്ഞു നൽകിയിട്ടുള്ള പരിമിത സൗകര്യങ്ങളാണ് ഇവിടെയെല്ലാമുള്ളത്. ഡാമിന്റെ സുരക്ഷാ ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് താമസിക്കാൻ തമിഴ്നാട് നൽകിയ മൂന്ന് ഷെഡ്ഡുകളാണുള്ളത്. ഏഴ് പേർക്ക് താമസിക്കാൻ സൗകര്യമുള്ള ഒരു ഷെഡ്ഡിൽ പത്തും പന്ത്രണ്ടും പേരാണ് കഴിയുന്നത്. ഭക്ഷണവും ഇതിനുള്ളിൽ വേണം തയ്യാറാക്കാൻ. ഇവർക്കെല്ലാം കൂടി ആകെയുള്ളത് ഒരു ശൗചാലയം.അണക്കെട്ടിന് സമീപം വനം വകുപ്പ് നൽകിയിട്ടുള്ള കെട്ടിടത്തിലാണ് പൊലീസിന്റെ ആയുധങ്ങൾ സൂക്ഷിക്കുന്നത്. ഇവിടവും നനഞ്ഞൊലിക്കുന്ന അവസ്ഥയാണ്.
ഡാമിൽ വൈദ്യുതി നിലച്ചാൽ തമിഴ്നാടിന്റെ ജനറേറ്റർ സൗകര്യം രാത്രി പത്ത് വരെ ലഭിക്കും. അത് കഴിഞ്ഞാൽ ഇരുട്ടിലാണ് അണക്കെട്ടിന്റെ കാവൽ. കേരള പൊലീസിന് ഒരു ജനറേറ്റർ ഉണ്ടായിരുന്നത് കേടായിട്ട് വർഷങ്ങളായി.
ഡാമിലെത്തുകയെന്നത് ടാസ്ക്
വണ്ടിപ്പെരിയാറിലുള്ള താത്കാലിക കെട്ടിടത്തിലെത്തി ഒപ്പിട്ട ശേഷം ഡ്യൂട്ടിക്കായി പെരിയാർ കടുവാ സങ്കേതത്തിനുള്ളിലെ മുല്ലപ്പെരിയാറിലേക്ക് പോവുകയെന്നത് തന്നെ ടാസ്കാണ്. ഇതിന് രണ്ടു വഴികളാണുള്ളത്. ജീപ്പിൽ വള്ളക്കടവ് വഴി വനത്തിലൂടെ, അല്ലെങ്കിൽ തേക്കടി തടാകത്തിലൂടെ ബോട്ട് മാർഗ്ഗം. രണ്ട് ലക്ഷം കിലോമീറ്റർ ഓടിക്കഴിഞ്ഞ ജീപ്പ് പലപ്പോഴും പണിമുടക്കും. തേക്കടിയിൽ മൂന്ന് ബോട്ടുകൾ പൊലീസ് സേനയ്ക്കുണ്ട്. യന്ത്ര തകരാർ മൂലം ഒരെണ്ണം കരയ്ക്ക് കയറ്റിയിട്ട് വർഷങ്ങളായി 2007ലെത്തിയ 20 പേർക്ക് സഞ്ചരിക്കാവുന്ന പെന്നിക്വിക്ക് എന്ന ബോട്ടിൽ കാലപ്പഴക്കം മൂലം ഒമ്പത് പേർക്ക് മാത്രമാണ് ഇപ്പോൾ സഞ്ചാര അനുമതി ഉള്ളത്. ഈ ബോട്ടിന്റെ വശങ്ങളിലെ പലകകൾ പലതും ഇളകിയിരിക്കുകയാണ്. കഴിഞ്ഞമാസം പൊലീസിന് ലഭിച്ച 'രക്ഷ" എന്ന പുതിയ ബോട്ടിൽ 16 പേർക്ക് സഞ്ചരിക്കാമെന്നത് മാത്രമാണ് ആശ്വാസം.
ജലനിരപ്പ് ഉയർന്നാൽ വിസ്തൃതിയും കൂടും
അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് വിസ്തൃതി വർദ്ധിക്കുന്ന പൊലീസ് സ്റ്റേഷൻ കൂടിയാണ് മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷൻ. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയെത്തുമ്പോൾ എവിടെ വരെ വെള്ളമെത്തുമോ അത്രയും മേഖല ഇവരുടെ സുരക്ഷാ പരിധിയിൽ ഉൾപ്പെടും.
-ലേഖകന്റെ ഫോൺ: 9447289759