
തൊടുപുഴ: റോഡരികിൽ മാലിന്യം തള്ളിയയാളിൽ നിന്ന് 5000 രൂപ പിഴയടപ്പിച്ച് ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്. എറണാകുളം കാക്കനാടുള്ള ഒരു സ്വകാര്യ റസ്റ്റോറന്റിൽ നിന്നുള്ള മാലിന്യങ്ങളാണ് മാലിന്യം നീക്കാൻ കരാറെടുത്ത വ്യക്തി ഉടുമ്പന്നൂർ- അമയപ്ര റോഡരികിൽ ഉപേക്ഷിച്ചത്. കവറിൽ കെട്ടിയ നിലയിൽ ഉപേക്ഷിക്കപ്പെട്ട മാലിന്യ നിക്ഷേപം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വാർഡ് മെമ്പർ രമ്യ അജീഷിന്റെയും ഹരിത കർമ്മ സേനാംഗം ഗീത സുകുമാരന്റെയും നേതൃത്വത്തിൽ പൊതി അഴിച്ച് പരിശോധിച്ചു. അതിൽ നിന്ന് കാക്കനാട്ടെ റസ്റ്റോറിന്റെ മേൽവിലാസം ലഭിക്കുകയുമായിരുന്നു. തുടർന്ന് കുറ്റക്കാരെ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിളിച്ച് വരുത്തി പിഴ അടപ്പിക്കുകയും മാലിന്യം നീക്കം ചെയ്യിക്കുകയുമായിരുന്നു. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മാലിന്യ നിക്ഷേപം സംബന്ധിച്ച് തെളിവുകൾ നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.പി. യശോധരൻ അറിയിച്ചു.