കുമാരമംഗലം: വീടിനോട് ചേർന്ന് അപകടകരമായി നിൽക്കുന്ന മരം അയൽവാസി മുറിച്ച് നീക്കുന്നില്ലെന്ന പരാതിയുമായി വീട്ടമ്മ. കുമാരമംഗലം പഞ്ചായത്ത് എട്ടാം വാർ‌ഡിൽ താമസിക്കുന്ന എസ്.എൻ. ഭവനിൽ സുമതിയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. തയ്യൽത്തൊഴിലാളിയാണ് സുമതി. അയൽവാസിയായ വീട്ടുടുടമയോട് മരം മുറിച്ച് മാറ്റണമെന്ന് ഏറെനാളായി പറ‍യുന്നു. എന്നാൽ അത് മുറിച്ച് മാറ്റാനായി അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരു നീക്കവും നടന്നില്ല. ഇവരുടെ വീടിനോട് ചേർന്ന് നിൽക്കുന്ന അയൽവാസിയുടെ മരം മുറിക്കണമെന്നാവശ്യപ്പെട്ട് പലതവണ പഞ്ചായത്തിലും മറ്റും പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെ അധികൃതർ ഇതിന് പരിഹാരമുണ്ടാക്കിയില്ലെന്ന് സുമതി പറയുന്നു. എത്രയും പെട്ടെന്ന് വിഷയത്തിൽ തീരുമാനമെടുക്കണമെന്നും അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.