
തൊടുപുഴ: പണ്ട് കൗതുകത്തിന് എഴുതി സൂക്ഷിച്ചിരുന്ന ഡയറിക്കുറിപ്പുകൾ ഇന്ന് ചരിത്രം പറയുന്ന പുസ്തകമായി മാറി. 'കല്ലാർ പട്ടം കോളനി ചരിത്ര വഴികളിലൂടെ' എന്ന പുസ്തകം പിറന്നത് അങ്ങനെയാണ്. മുണ്ടിയെരുമ കളരിക്കൽ ജോൺ പുല്ലാട് എന്ന 73 കാരൻ പുസ്തകം എഴുതിയത് ഏറെ നാളായി താൻ കുറിച്ച് വച്ചിരുന്ന ഡയറിക്കുറുപ്പുകളിൽ നിന്നാണ്. വിട്ടുപോയവ പൂർത്തിയാക്കാൻ പലരോടും ചോദിച്ചറിഞ്ഞു. ആ അന്വേഷണം പൂർത്തീകരിക്കാൻ 14 കൊല്ലമെടുത്തു. എഴുത്തുപണിശാലയിലെ 14 കൊല്ലങ്ങൾ കൊണ്ട് പിറന്നത് കേരളത്തിന്റെ കർഷക ചരിത്രത്തിൽ നിന്ന് ഒരിക്കലും അടർത്തിമാറ്റാൻ കഴിയാത്ത പട്ടം കോളനിയുടെ നേർചിത്രമായിരുന്നു. കുടിയിരുത്തൽ ചരിത്രമാണ് പട്ടം കോളനിയുടേത്. ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ രൂപീകരണ സമയത്ത് തമിഴ് ഭൂരിപക്ഷ മേഖലകളായിരുന്ന ഇന്നത്തെ ഉടുമ്പൻചോല, പീരുമേട്, ദേവികുളം താലൂക്കുകൾ തമിഴ്നാടിനോട് ചേർക്കാൻ ഒരുങ്ങിയപ്പോഴാണ് അതിനെ പ്രതിരോധിക്കാനായി തിരു- കൊച്ചി മുഖ്യമന്ത്രിയായ പട്ടം താണുപിള്ള കോളനിവത്കരണം പ്രഖ്യാപിച്ചത്. ഭക്ഷ്യസുരക്ഷയ്ക്കായി കൃഷി ചെയ്യാനും വിവിധ മേഖലകളിൽ നിന്ന് ജനങ്ങൾ ഹൈറേഞ്ചിലേക്കെത്തി. നെടുങ്കണ്ടം കിഴക്കേക്കവലയിൽ നിന്നാരംഭിച്ച് കൂട്ടാർ വരെ 15 കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന പ്രദേശമാണിത്. വന്നെത്തിയവരിൽ നിന്ന് കർഷകരെ കണ്ടെത്തി ഒരാൾക്ക് അഞ്ച് ഏക്കർ വീതം ഭൂമിയും പണവും നൽകിയാണ് അവരെ കുടിയിരുത്തിയത്. പട്ടം താണുപിള്ള സ്ഥാപിച്ചതുകൊണ്ട് കല്ലാർ കോളനി പിന്നീട് പട്ടം കോളനി എന്ന് അറിയപ്പെട്ടു. ആ ചരിത്രമാണിന്ന് പുസ്തകരൂപത്തിൽ മുൻപിലെത്തിയിരിക്കുന്നത്. സാമൂഹ്യ, സാമുദായിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിച്ചു വരുന്ന പുല്ലാടന്‍ സുഹൃത്തുക്കളുടെ അഭ്യർത്ഥന മാനിച്ചാണ് പട്ടംകോളനിയുടെ ചരിത്രം പുസ്തകമാക്കിയത്. ജോണിന്റെ എഴുത്തിന് എല്ലാ പിന്തുണയുമായി നിരവധി സുഹൃത്തുക്കളും മകൻ ആൻഡേഴ്സണും മകൾ മെജോമോളും ഒപ്പമുണ്ട്.
നിരവധി ലേഖലനങ്ങളെഴുതി
95 മുതൽ വിവിധ മാദ്ധ്യമങ്ങളിൽ ജോണിന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2003 - 2005 കാലഘട്ടത്തിൽ ഇടുക്കി ടൈംസ് എന്ന പത്രത്തിലും പ്രവർത്തിച്ചിട്ടുണ്ട്. പത്താം ക്ലാസ് പൂർത്തിയായ ശേഷം പോസ്റ്റ് ഓഫീസിൽ താത്കാലിക ജോലിയുണ്ടായിരുന്ന ജോൺ പിന്നീട് അരിക്കച്ചവടം ആരംഭിച്ചു. വട്ടവടയെപ്പറ്റി എഴുതിയ 'ഇങ്ങനെയും ഒരു ജീവിത മേഖല', 'ആത്മഹത്യ ഒരു സാമൂഹ്യ വിപത്ത്', 'ഊരിൽ ഇരുൾ തേടുന്ന ഊരാളികൾ', 'പളിയന്മാർ വികസനം തേടുന്ന ഗിരിവർഗ്ഗം' തുടങ്ങിയ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
'കാട്ടുമൃഗങ്ങൾ കൊണ്ടുപോയതിന്റെയും നശിപ്പിച്ചതിന്റെയും ബാക്കികൊണ്ട് ഒന്നിച്ചുവച്ച് ചുറ്റും കൂടിയിരുന്ന് ഒന്നിച്ച് കഴിച്ച് കിട്ടുന്നതിന്റെ സ്വർഗ്ഗീയ
അനുഭവം ഇന്നും മായാതെ നിൽക്കുന്നതാണ്. അവർണ്ണനും സവർണ്ണനും എന്നില്ലാതെ,ജീവിക്കണം എന്ന ഒറ്റ ചിന്തയിൽ ഒരിലയിൽ ചുറ്റുമിരുന്ന് ഭക്ഷണം കഴിച്ചിരുന്ന ഓർമ്മ ഇന്നും മായാതെ നിലനിൽക്കുന്നു".
കല്ലാർ പട്ടം കോളനി ചരിത്ര വഴികളിലൂടെ' എന്ന പുസ്തകത്തിൽനിന്ന്