കുമളി: പീരുമേട് ഉപജില്ല ശാസ്ത്രോത്സവത്തോടനുബന്ധിച്ചുള്ള പ്രവർത്തി പരിചയമേളക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. 18ന് കുമളി ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന പ്രവർത്തി പരിചയ മേളയിൽ ഉപജില്ലയിലെ എൺപത് സ്കൂളുകളിൽ നിന്നുള്ള ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും.മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ തുടങ്ങി ആയിരത്തി അഞ്ഞുറോളം പേർക്ക് സംഘാടകസമിതി ഉച്ചഭക്ഷണം തയ്യാറാക്കും. വിജയികൾക്കുള്ള ഒന്നാം സമ്മാനം സ്പോൺസർ ചെയ്തിരിക്കുന്നത് സീനിയർ ചേംമ്പർ ഇന്റർനാഷണൽ തേക്കടി ലീജിയനും, രണ്ടാം സമ്മാനം സ്പോൺസർ ചെയ്തിരിക്കുന്നത് 91 - 93 ബാച്ച് ടി.ടി.ഐ പൂർവ്വ വിദ്യാർത്ഥികളും , 2006 ബാച്ച് എസ്.എസ്.എൽ.സി. വിദ്യാർത്ഥി കൂട്ടായ്മയുമാണ്.

പ്രവർത്തി പരിചയ മേളയുടെ സുഗമമായ നടത്തിപ്പിന് പതിനൊന്ന് സബ് കമ്മറ്റികളുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടത്തിവരുന്നതെന്ന് പഞ്ചായത്ത്സ് വൈ. പ്രസിഡന്റ്കെ.എം.സിദ്ധിക്ക്, പ്രിൻസിപ്പാൾ മല്ലികാ നൗഷാദ്, സി.ആനന്ദ് എന്നിവർ അറിയിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജിയോ രാധാകൃഷ്ണൻ, വി.സി. ചെറിയാൻ, ജോയി ഇരുമേട, തോമസ് ചെറിയാൻ, എ .വി. മുരളീധരൻ, ടി.എൻ ബോസ്, എന്നിവർ വിവിധ കമ്മറ്റി ചെയർമാൻമാരായി പ്രവർത്തിക്കുന്നു.18 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു ഉദ്ഘാടനം ചെയ്യും .ജില്ലാ പഞ്ചായത്ത് അംഗം രാരിച്ചൻ നിറണാകുന്നേൽ , അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു സമ്മാനദാനം നിർവ്വഹിക്കും.