മൂന്നാർ: ചിന്നക്കനാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. ക്ലാർക്കിനടക്കം മർദ്ദനമേറ്റു. ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് മദ്യപിച്ച് എത്തിയ നാലംഗ സംഘം വനിതാ ജീവനക്കാരെ അടക്കം അസഭ്യം പറഞ്ഞതും തടയാൻ ശ്രമിച്ച ക്ലാർക്ക് ആനന്ദിനെ മർദ്ദിച്ച് അവശനാക്കിയതും. ഡോക്ടറെ കാണാനാണ് ഇവർ എത്തിയത്. ഡ്യൂട്ടി കഴിഞ്ഞു ഡോക്ടർ പോയതായി നഴ്സ് അറിയിച്ചു. ഡോക്ടർ എന്തുകൊണ്ട് 24 മണിക്കൂറും ഡ്യൂട്ടി ചെയ്യുന്നില്ലെന്ന് പറഞ്ഞായിരുന്നു അസഭ്യവും ഭീഷണിയും. ഇവരെ അനുനയിപ്പിച്ച് പറഞ്ഞയക്കാൻ ശ്രമിച്ച ക്ലാർക്ക് ആനന്ദ്, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദലി എന്നിവരെ സംഘം കയ്യേറ്റം ചെയ്തു. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴെക്കും ഇവർ ജീപ്പിൽ കയറി സ്ഥലം വിട്ടു. ശാന്തമ്പാറ പോലീസ് സ്ഥലത്തെത്തി. ചിന്നക്കനാൽ പി.എച്ച്സി.യിൽ ആക്രമം നടത്തിയ സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എൻ. ജി .ഒ അസോസിയേഷൻ ദേവികുളം ബ്രാഞ്ച് പ്രസിഡന്റ് എം. രാജൻ ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാർക്ക് സ്വൈരമായും ഭീതി കൂടാതെയും ജോലി ചെയ്യാൻ അവസരമൊരുക്കണം. ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയവർക്കെതിരെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും അക്രമവും സ്വത്തിനുള്ള നാശവും തടയൽ നിയമ പ്രകാരം കേസെടുക്കണമെന്നും രാജൻ ആവശ്യപ്പെട്ടു