നെടുങ്കണ്ടം: കുമളി- മൂന്നാർ സംസ്ഥാന പാതയിൽ നെടുങ്കണ്ടത്തിനടുത്ത് പാറത്തോട്ടിൽ എ.ടി.എം മെഷീൻ കുത്തിത്തുറന്ന് പണം മോഷ്ടിക്കാൻ ശ്രമം. പാറത്തോട് ടൗണിൽ സ്ഥാപിച്ചിരുന്ന സ്വകാര്യ കമ്പനിയുടെ എ.ടി.എം മെഷീൻ കുത്തിത്തുറക്കാനാണ് ശ്രമിച്ചത്. പണം മോഷ്ടിക്കാനായിട്ടില്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. എ.ടി.എം മെഷീന്റെ മുൻഭാഗം ശക്തിയേറിയ ആയുധം ഉപയോഗിച്ച് കുത്തി തുറന്ന നിലയിലായിരുന്നു. എന്നാൽ പണം നിക്ഷേപിച്ച ലോക്കർ തകർക്കാനായില്ല. ചൊവ്വാഴ്ച രാവിലെ പണമെടുക്കാൻ എത്തിയ വീട്ടമ്മയാണ് മോഷണ വിവരം ആദ്യമറിഞ്ഞത്. തുടർന്ന് എ.ടി.എം ഫ്രാഞ്ചൈസി എടുത്ത് നടത്തുന്നയാൾ ഉടുമ്പൻചോല പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാകാം സംഭവമെന്നാണ് പൊലീസ് നിഗമനം.
കൃത്യം നടക്കുമ്പോൾ സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങൾ പ്രവർത്തിച്ചില്ല. പണം സൂക്ഷിച്ചിരിക്കുന്ന ലോക്കർ തകർക്കാൻ ശ്രമിച്ചാൽ മാത്രമേ ഇത് പ്രവർത്തിക്കൂ എന്നാണ് എ.ടി.എം നടത്തിപ്പുകാർ പറയുന്നത്. രണ്ടുദിവസം മുമ്പാണ് എ.ടി.എമ്മിൽ പണം നിറച്ചത്. ഉടുമ്പൻചോല പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഫോറൻസിക്, വിരലടയാള വിദഗ്ദ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. അഞ്ചു മാസങ്ങൾക്ക് മുമ്പ് നെടുങ്കണ്ടം ബസ് സ്റ്റാൻഡ് ജംഗ്ഷനിലും എ.ടി.എം കൗണ്ടർ മോഷണശ്രമം നടന്നിരുന്നു. അന്ന് ഒരാളെ നെടുങ്കണ്ടം പൊലീസ് പിടികൂടിയിരുന്നു.