
കരിമണ്ണൂർ: ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ജെൻഡർ വിഷയ സമിതിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനം ആചരിച്ചു. കരിമണ്ണൂർ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.കെ. മീരാഭായി ടീച്ചർ ഉദ്ഘാടനം ചെയ്തു. കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി അദ്ധ്യക്ഷത വഹിച്ചു. മികച്ച ജൈവകർഷക അവാർഡ് നേടിയ സുധ ശശിയെ കരിമണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിയോ കുന്നപ്പള്ളിൽ ആദരിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആൻസി സിറിയക്, മെമ്പർമാരായ ജിസ് ആയത്ത്പാടം, സോണിയ ജോബിൻ, പരിഷത്ത് ജില്ലാ പ്രസിഡന്റ് ശശിലേഖ രാഘവൻ, ജെൻഡർ വിഷയസമിതി ചെയർപേഴ്സൺ ജെസി ജോസഫ്, കേന്ദ്ര നിർവാഹക സമിതി അംഗം വി.വി. ഷാജി, മേഖലാ സെക്രട്ടറി കെ.പി. ഹരിദാസ്, മേഖലാ പ്രസിഡന്റ് ഡോ. കെ.കെ. ഷാജി, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ഡി. രവീന്ദ്രൻ, ടി.എൻ. മണിലാൽ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിൽ നടപ്പിലാക്കുന്ന ഹരിത ഗ്രാമം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ, കരിമണ്ണൂർ സയൻസ് സെന്റർ ഡയറക്ടർ കെ.ജെ. തോമസ് വിശദീകരിച്ചു. ചടങ്ങിൽ, പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച കൗതുക വസ്തുക്കളും തുണിസഞ്ചിയും പ്രദർശിപ്പിച്ച് പ്രാധാന്യം വിശദീകരിച്ചു. ജെൻഡർ വിഷയസമിതി ജില്ലാ കൺവീനർ ഡി. ഗിരിജ സ്വാഗതവും എ.എസ്. ഇന്ദിര നന്ദിയും പറഞ്ഞു. പരിപാടികൾക്ക് കെ.ആർ. സുഗതൻ, യൂണിറ്റ് സെക്രട്ടറി പി.എം. ഷാജി, പ്രസിഡന്റ് ദിനേശ്, സുരേഷ് എന്നിവർ നേതൃത്വം നൽകി.