കട്ടപ്പന : പാറക്കടവിലെ കേജീസ് എസ്റ്റേറ്റിന്റെ സ്റ്റോർ റൂമിൽ നിന്നുമാണ് ഏലക്ക മോഷണം പോയത്. ഞായർ അവധിയായതിനാൽ ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് സ്റ്റോർ പൂട്ടി തൊഴിലാളികൾ പോയിരുന്നു. തുടർന്ന് തിങ്കളാഴ്ച രാവിലെ പുറത്തുനിന്നും ഉണങ്ങിയ ഏലക്ക സ്റ്റോറൂമിലേക്ക് വെക്കുന്നതിനായി സൂപ്പർവൈസർ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.സ്റ്റോറൂമിന്റെ മുകളിലത്തെ നിലയിൽ കയറിയ ശേഷം, മേൽക്കൂരക്കും ഭിത്തിക്കും ഇടയിലുള്ള ഒഴിഞ്ഞ ഭാഗത്തുകൂടി ഉള്ളിൽ കയറി രണ്ട് വാതിലുകളും പൂട്ടും തകർത്താണ് മോഷ്ടാക്കൾ ഏലക്ക സൂക്ഷിച്ചിരുന്ന മുറിയിൽ പ്രവേശിച്ചത്. ആറോളം ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഉണങ്ങിയ ഏലക്കായയാണ് അപഹരിച്ചത്. 675000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത് . കൂടാതെ സ്റ്റോറൂമിനും കേട് പാടുകൾ ഉണ്ടായിട്ടുണ്ട്. പൊലീസിൽ പരാതി നൽകിയതനുസരിച്ച് ഡോക്സ് സ്‌കോഡും , വിരൽ അടയാള വിദഗ്ദ്ധരും പരിശോധന നടത്തി. ഒരു ഇടവേളക്കുശേഷം ഹൈറേഞ്ചിൽ മോഷണങ്ങൾ വർദ്ധിക്കുകയാണ്. ആളില്ലാത്ത സ്റ്റോറൂമുകളും ഏലത്തോട്ടങ്ങളും കേന്ദ്രീകരിച്ചാണ് അടുത്ത നാളുകളിലായി മോഷണങ്ങൾ ഉണ്ടാകുന്നത്.