
ലോകത്തെ 18 ജൈവവൈവിദ്ധ്യ ഹോട്ട്സ്‌പോട്ടുകളിലൊന്നായി സഹ്യപർവതത്തെ കണക്കാക്കുന്നതിന്റെ ഒരു കാരണം നീലക്കുറിഞ്ഞിയുടെ സാന്നിദ്ധ്യമാണ്. സഹ്യപർവതത്തിന് നീലഗിരിയെന്ന പേരുവന്നതും നീലക്കുറിഞ്ഞി കൂട്ടത്തോടെ വളരുന്ന സ്ഥലമായതിനാലാണ്. സ്‌ട്രോബിലാന്തസ് കുന്തിയാന എന്ന ശാസ്ത്രീയ നാമമുള്ള ഈ ചെടിയുടെ പൂക്കൾക്ക് പർപ്പിൾ കലർന്ന നീലനിറമാണ്. 12 വർഷത്തിലൊരിക്കലേ പുഷ്പിക്കൂ. ഓരോ പൂക്കാലവും കഴിഞ്ഞ് ചെടികൾ നശിച്ചുപോകും. മലഞ്ചെരിവുകളിൽ കൂട്ടത്തോടെ കുറിഞ്ഞി പൂത്തുനിൽക്കുന്നത് വിസ്മയക്കാഴ്ചയാണ്. ഓരോ സീസണിലും ഇതുകാണാൻ ലക്ഷക്കണക്കിന് സഞ്ചാരികളാണ് മൂന്നാറിലേക്ക് എത്തുന്നത്. 2018ലാണ് ഒടുവിൽ കുറിഞ്ഞി പൂത്തത്. ഈ മേഖലയുടെ ജൈവ വൈവിദ്ധ്യത്തെ നിലനിറുത്തുന്നതിൽ കുറിഞ്ഞിച്ചെടികൾക്ക് പ്രധാനപങ്കുണ്ട്. ഇതു തിരിച്ചറിഞ്ഞാണ് 2006ൽ ഇടതുമുന്നണി സർക്കാർ നീലക്കുറിഞ്ഞി സംരക്ഷണത്തിന് 1972 ലെ വനം വന്യജീവി സംരക്ഷണ നിയമപ്രകാരം ദേവികുളം താലൂക്കിലെ 3200 ഹെക്ടർ ഭൂമി നീലക്കുറിഞ്ഞി സങ്കേതത്തിനായി ഉദ്ദേശവിജ്ഞാപനം പുറപ്പെടുവിച്ചത്. വട്ടവട വില്ലേജിലെ ബ്ലോക്ക് നമ്പർ 62, കൊട്ടക്കമ്പൂർ വില്ലേജിലെ ബ്ലോക്ക് നമ്പർ 58 എന്നിവയിൽപ്പെട്ട പട്ടയഭൂമി ഒഴിവാക്കിയായിരുന്നു വിജ്ഞാപനം. വർഷം 18 കഴിഞ്ഞു, വീണ്ടും കുറിഞ്ഞി പൂത്തുകരിഞ്ഞു, സെന്റിൽമെന്റ് ഓഫീസർമാരും സ്‌പെഷ്യൽ ഓഫീസർമാരും മാറി മാറി വന്നു. എന്നാൽ ഇതുവരെ കുറിഞ്ഞി സങ്കേതത്തിന്റെ അതിർത്തി നിർണയിക്കാനായിട്ടില്ല.
ഓഫീസർമാർ മാറി മാറി വന്നു
വിജ്ഞാപനം 2006ൽ വന്നെങ്കിലും 2015ലാണ് കുറിഞ്ഞി സങ്കേതത്തിന്റെ സെറ്റിൽമെന്റ് ഓഫീസറായി ദേവികുളം ആർ.ഡി.ഒയെ സർക്കാർ നിയമിച്ചത്. വിജ്ഞാപനം പുറപ്പെടുവിച്ച പ്രദേശത്തെ ജനങ്ങളുടെ ഭൂമിയിന്മേലുള്ള അവകാശങ്ങൾ പരിശോധിക്കാനും കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും സെറ്റിൽമെന്റ് ഓഫീസർക്ക് അധികാരം നൽകിയിരുന്നു. ഇതുകൂടാതെ പട്ടയഭൂമികൾ ഒഴിവാക്കിയുള്ള ഭൂമിയുടെ അതിരുകൾ പുനർനിർണ്ണയം ചെയ്ത് കുറിഞ്ഞിമല സങ്കേതത്തിന്റെ അതിരുകൾ നിശ്ചയിക്കാൻ 2018ലും 2020 ലും റവന്യൂ വകുപ്പ് ഉത്തരവും പുറപ്പെടുവിച്ചു. തുടർന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറായിരുന്ന ഡോ. എ. കൗശികനെ സ്‌പെഷ്യൽ ഓഫീസറായി 2020ൽ നിയമിച്ചു. എന്നാൽ റവന്യൂ ഹെഡ് ഓഫീസിൽ പ്രധാന ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന് ജില്ലയിലുള്ള ഈ ചുമതല കാര്യക്ഷമമായി നിർവഹിക്കാൻ സാധിച്ചില്ല. ഇതോടെ ദേവികുളം സബ് കളക്ടർക്ക് സങ്കേതത്തിന്റെ അധിക ചുമതല നൽകി 2022 ൽ ഉത്തരവായി. എന്നാൽ ഇതുവരെ കുറിഞ്ഞി സങ്കേതത്തിന്റെ സെറ്റിൽമെന്റ് നടപടികൾ പൂർത്തീകരിക്കാനായില്ല.
സബ് കളക്ടർ കാലുകുത്തില്ല
നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിരുകൾ നിർണ്ണയിക്കുക, ഭൂമി പ്രശ്നം പരിഹരിക്കുക, സർവേ നടത്തുക, പട്ടയങ്ങളുടെ ആധികാരികത പരിശോധിക്കുക, ഉദ്ദേശവിജ്ഞാപനത്തിൽപ്പെട്ട ഭൂമിയിൽ താമസിച്ച് കൃഷിചെയ്ത് വരുന്നവരെ ഒഴിപ്പിക്കാതെ അവർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നിവയാണ് സങ്കേതവുമായി ബന്ധപ്പെട്ട് പരിഹരിക്കപ്പെടേണ്ട പ്രധാനപ്പെട്ട പ്രശ്നങ്ങൾ. ഇതിനായി ആധുനിക സങ്കേതികവിദ്യ ഉപയോഗിച്ച് വനഭൂമിയും പട്ടയഭൂമിയും തിട്ടപ്പെടുത്തേണ്ടതുണ്ട്. ഇതിനെല്ലാം ചുമതലപ്പെട്ട ദേവികുളം സബ്കളക്ടർക്ക് ആ പ്രദേശത്ത് ഇതുവരെ കാലുകുത്താൻ കഴിഞ്ഞിട്ടില്ല. യഥാർത്ഥ പട്ടയവും രേഖകളും കൈവശമുള്ളവർ എന്തിന് സെറ്റിൽമെന്റ് ഉദ്യോഗസ്ഥനെ ഭയക്കണം?
വ്യാജ പട്ടയങ്ങളുടെയും കൈയേറ്റങ്ങളുടെയും ഭൂമികയാണ് വട്ടവട പഞ്ചായത്തിലെ 58-ാം ബ്ലോക്ക് നമ്പരിലുള്ള കൊട്ടാക്കമ്പൂർ വില്ലേജ്. ചില രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്കും ഇവിടെ ബെനാമി പേരുകളിൽ ഏക്കർകണക്കിനു ഭൂമിയുണ്ട്. ഇവിടെ ഭൂമിയുള്ള 151 പേരുടെ പട്ടിക റവന്യൂ വകുപ്പ് പുറത്തിറക്കിയിരുന്നു. കൊട്ടാക്കമ്പൂർ പ്രദേശത്തെ ഭൂരേഖകൾ പരിശോധിക്കാൻ റവന്യൂ വകുപ്പു തീരുമാനിച്ചാൽ ഭരണ- പ്രതിപക്ഷ കക്ഷികളിലെ പ്രമുഖ പാർട്ടികൾ കൊടി പിടിച്ചിറങ്ങും. രേഖകളുടെ പരിശോധന കർഷകരെയും മറ്റും ബുദ്ധിമുട്ടിക്കുന്നുവെന്ന പേരിലാണു സമരം. പരിശോധനയ്ക്ക് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടിസ് നൽകിയാലും ഭൂരിഭാഗം പേരും ഹാജരാകില്ല. ഭൂരേഖകൾ പരിശോധിക്കുന്നതിനായി 2009 ജൂലായ് 14ന് വട്ടവട പഞ്ചായത്ത് ഓഫീസിൽ സിറ്റിംഗ് വച്ചെങ്കിലും ഒരു ഭൂവുടമ പോലും ഹാജരായില്ല. യോഗത്തിന്റെ മിനിട്സിൽ ഒപ്പിടാൻ അന്ന് പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി. രാമരാജ് ഉൾപ്പെടെ ആരും തയ്യാറായില്ല. ജൂലായ് 30ന് വീണ്ടും സിറ്റിംഗ് വച്ചെങ്കിലും അന്നു കരിദിനം ആചരിക്കാനായിരുന്നു പ്രാദേശിക പാർട്ടികളുടെ തീരുമാനം. രേഖകൾ പരിശോധിക്കാൻ റവന്യൂ ഉദ്യോഗസ്ഥരെത്തിയാൽ ഘെരാവോ ചെയ്യാനും പാർട്ടി നേതാക്കൾ തീരുമാനിച്ചിരുന്നു. ഇതേതുടർന്നു സിറ്റിംഗ് നടന്നില്ല.
കഴിഞ്ഞ 18 വർഷമായി ഈ ഭൂമി പ്രശനത്തിന് പരിഹാരമാകാത്തതിനും കാരണമിതാണ്. ഭൂമാഫിയയ്ക്ക് ഒപ്പം നിൽക്കുന്നവർക്ക് പ്രശ്നപരിഹാരം വേണ്ട. എന്തുവിലകൊടുത്തും അവർ പ്രശ്നപരിഹാരം തടയും. ഇതിന് വിലകൊടുക്കുന്നതാകട്ടെ യഥാർത്ഥ കർഷകരും. നൂറുകണക്കിന് ഏക്കർ വനഭൂമിയും റവന്യൂഭൂമിയും വളച്ചുകെട്ടിയിട്ടുള്ള വ്യക്തികളും സ്ഥാപനങ്ങളും എത്രവേണമെങ്കിലുമുണ്ട് ഹൈറേഞ്ചിലെ മലമടക്കുകളിൽ. അവിടെ അവർ പറയുന്നതാണ് ന്യായം. കക്ഷിഭേദമില്ലാതെ രാഷ്ട്രീയക്കാർ ഇവരെ പിന്തുണക്കുമെന്നും വ്യക്തം. ഇതിന് ഒപ്പം ചേരുന്നവരാണ് ഉദ്യോഗസ്ഥരിൽ പലരും. അങ്ങനെയല്ലാതെ നിന്നാൽ ഏതെങ്കിലും ഡയറക്ടറേറ്റിലെ പൊടിപിടിച്ച മൂലയിലാവും സ്ഥാനം.
അടിയന്തര യോഗം വിളിക്കാൻ സർക്കാർ
കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിന് റവന്യൂ, വനംവകുപ്പ്, സർവേ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് സ്ഥലം എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ അടിയന്തരമായി യോഗം വിളിച്ചു ചേർക്കുമെന്ന് കഴിഞ്ഞ ദിവസം നിയമസഭയിൽ എ. രാജ എം.എൽ.എയുടെ സബ്മിഷന് മറുപടിയായി റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞിരുന്നു. സങ്കേതത്തിന്റെ സെറ്റിൽമെന്റ് ഓഫീസറായി പ്രത്യേക ചുമതല നൽകി ഒരു ഉദ്യോഗസ്ഥനെ നിയമിക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. വിജ്ഞാപനവുമായി ബന്ധപ്പെട്ട ചില നിയമപ്രശ്നങ്ങളിൽ അഡ്വക്കേറ്റ് ജനറലിനോട് സ്‌പെഷ്യൽ ഓഫീസർ ഒരു നിയമോപദേശം ആവശ്യപ്പെട്ടിരുന്നു. അഡ്വക്കേറ്റ് ജനറൽ ഇതുവരെ നിയമോപദേശം ലഭ്യമാക്കിയിട്ടില്ല. നിയമോപദേശം ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ സ്‌പെഷ്യൽ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ സങ്കേതത്തിന്റെ അതിരുകൾ തിട്ടപ്പെടുത്തതിന് ഈ വില്ലേജുകളിൽ ഡിജിറ്റൽ സർവേ നടത്തുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ വാക്കുകൾ യാഥാർത്ഥ്യമാകുമോയെന്നറിയാൻ ഇനിയും കാത്തിരിക്കുകയല്ലാതെ വേറെ മാർഗമില്ല.