busstand

കട്ടപ്പന :നഗരസഭയുടെ ഉടമസ്ഥതയിലുള്ള കട്ടപ്പന പുതിയ ബസ് സ്റ്റാൻഡ് യാത്രക്കാരെ അപകടത്തിൽപ്പെടുത്തുംവിധം പരിതാപകരമായി .സ്റ്റാൻഡിന്റെ പല ഭാഗങ്ങളിലും സ്ഥാപിച്ചിരിക്കുന്ന സ്ലാബുകൾ എല്ലാം തകർന്ന അവസ്ഥയിലാണ്. ഇതുവഴി നടക്കുന്ന കാൽനട യാത്രക്കാർ ഏതുനിമിഷവും ഓടയിൽ പതിക്കാവുന്ന വിധത്തിൽ ഇളകിയ നിലയിൽ തുടരുന്ന സ്ലാബ് മാറ്റണമെന്ന ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്. അതോടൊപ്പം ഇത്തരത്തിലെ സ്ലാബുകൾ വാഹന യാത്രക്കാർക്കും അപകടഭീക്ഷണി ഉയർത്തുന്നു. അതോടൊപ്പമാണ് ബസ്റ്റാൻന്റ് കോംപ്ലക്സിനുള്ളിലെ പ്രതിസന്ധികളും. കെട്ടിടത്തിന്റെ പലഭാഗങ്ങളും ചോർന്നൊലിക്കുകയാണ്. ഇതുമൂലം വ്യാപാരികൾക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നതും. കൂടാതെ ശുദ്ധജലവും, മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമെന്ന വാഗ്ദാനത്തിനും നാളുകളുടെ പഴക്കമുണ്ട്. എല്ലാവർഷവും വാടക കൂട്ടുന്നതല്ലാതെ മറ്റൊരു നടപടിയും ഉണ്ടാക്കുന്നില്ല എന്നാണ് വ്യാപാരികളുടെ ആരോപണം.

ബസ്റ്റാൻഡ് കോംപ്ലക്സിനുള്ളിൽ പ്രാവുകൾ കയറി , ആളുകളുടെ ദേഹവും ഇരിപ്പടങ്ങളും മലിനമാക്കുന്നു. ഇവിടെ ഇരിപ്പടങ്ങൾ പലതും ഉപയോഗശൂന്യവും ആണ്. ആളുകൾ ഇരിക്കുന്ന ഭാഗത്തേക്ക് അടക്കമാണ് കെട്ടിടത്തിന്റെ ചോർച്ചയിൽ നിന്നും വെള്ളം ഒലിച്ചിറങ്ങുന്നത്. ഇതിന് പുറമേ അന്യസംസ്ഥാന തൊഴിലാളികളുടെ ലഹരി കച്ചവടങ്ങളും, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നു. പൊതു സ്ഥലത്ത് മൂത്ര വിസർജനം നടത്തുന്നതും പതിവാണ്. ഇതിനെല്ലാം പരിഹാരം കാണണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നഗരസഭ മുഖം തിരിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.

> വ്യാപാരി വ്യവസായി

സമിതി സമരത്തിലേക്ക്.

നഗരത്തിൽ ഏറ്റവും അധികം ആളുകൾ വന്നുപോകുന്ന ഭാഗമാണ് പുതിയ ബസ്റ്റാൻഡ്. എന്നാൽ സ്റ്റാൻഡിലെ അപാകതകൾ പലതവണ ചൂണ്ടിക്കാണിച്ചിട്ടും പരിഹരിക്കാൻ നഗരസഭ ശ്രമിക്കുന്നില്ല. ഇത് പൊതുജനങ്ങൾക്കൊപ്പം മേഖലയിൽ കച്ചവടം നടത്തുന്ന നിരവധി വ്യാപാരികൾ ഉൾപ്പെടെയുള്ളവർക്കും പ്രതിസന്ധി സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ കടുത്ത സമരത്തിലേക്ക് കടക്കുവാനാണ് വ്യാപാരി വ്യവസായി സമിതിയുടെ തീരുമാനം.