കട്ടപ്പന:ചെമ്പകപ്പാറ ഗവ. ഹൈസ്‌കൂളിൽ ജില്ലാ പഞ്ചായത്ത് ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച വിവിധ പ്രവൃത്തികൾ പ്രസിഡന്റ് കെ ടി ബിനുവും എസ്എസ്എ അനുവദിച്ച ഭൂമിശാസ്ത്ര ലാബ് ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജിയും ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഫണ്ട് ചെലവഴിച്ച് പുതുതായി ശൗചാലയ കോംപ്ലക്സ് പൂർത്തീകരിച്ചു. ഓൺഗ്രിഡ് സോളാർ പാനലും സ്ഥാപിച്ചു. ശൗചാലയത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും നവീകരണം പൂർത്തിയായി. ഓരോ ജില്ലയിലും ഒരു ഭൂമിശാസ്ത്ര ലാബ് എന്ന എസ്എസ്എയുടെ പദ്ധതിപ്രകാരം ജില്ലയ്ക്ക് അനുവദിച്ച ലാബാണ് ചെമ്പകപ്പാറ സ്‌കൂളിലേത്. പഞ്ചായത്തംഗം ബിൻസി ജോണി അദ്ധ്യക്ഷത വഹിച്ചു. വിദ്യാകിരണം എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫീസർ കെ.എ ബിനുമോൻ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം കെ. ജി സത്യൻ, ബ്ലോക്ക് പഞ്ചായത്തംഗം ലാലച്ചൻ വെള്ളക്കട, എസ്എംസി ചെയർമാൻ സുഭാഷ്, എം.പി.ടി.എ പ്രസിഡന്റ് രമ്യ രാജീവ്, അസ്മി സുരേഷ്, ഗ്രീന ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു.