തൊടുപുഴ: തുലാമഴയിങ്ങെത്തിയതോടെ മലയോരത്തും വ്യാപകമായി മഴ ലഭിച്ചു തുടങ്ങി. വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ ജില്ലയിലെമ്പാടും ഭേദപ്പെട്ട മഴ ലഭിച്ചു. തൊടുപുഴ മേഖലയിലെ വിവിധ ഇടങ്ങളിൽ ഇന്നലെ രാവിലെ മുതൽ ഇടവിട്ട് പെയ്ത മഴ വൈകിട്ട് വരെ തുടർന്നു. ജില്ലയിൽ ഇന്നലെ മഞ്ഞ അലർട്ടായിരുന്ന കാലാവസ്ഥ നീരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്നത്. ജില്ലയിൽ ഇന്നലെ ശരാശരി 5.34 മിമീ മഴ ലഭിച്ചു. ഒക്ടോബർ ഒന്ന് മുതൽ 211.4 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ജില്ലയിൽ ഇതുവരെ ലഭിച്ചത് 151.7 മില്ലി മീറ്റർ മഴ മാത്രമാണ്. മഴയുടെ അളവിൽ 28 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ മഴ ശക്തമാകുന്നതോടെ ഈ കുറവ് നികത്താനാകുമെന്നാണ് വിലയിരുത്തൽ. ഇതുവരെ കാര്യമായ മഴക്കെടുതികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ചെമ്മാണ്ണാറിലെ ഗ്യാപ് റോഡ് ഉൾപ്പെടെ തകർന്നിരുന്നു. രാജാക്കാട് പഴയ പോസ്റ്റോഫീസിന് സമീപമുള്ള റോഡാണ് തകർന്നത്. ക്രോസ്ബാരിയർ ഉൾപ്പെടെ 30അടി താഴ്ചയിലുള്ള പാടത്തേക്കാണ് റോഡിന്റെ ഭാഗം ഇടി‌‌ഞ്ഞത്.

ഡാമുകളിൽ

ജലനിരപ്പ് ഉയർന്ന് തുടങ്ങി

സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കിലെ ജലനിരപ്പുയർന്ന് 2373.10 അടിയായി. സംഭരണശേഷിയുടെ 67 ശതമാനമാണിത്. 2403 അടിയാണ് പരമാവധി സംഭരണശേഷി. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 120.55 അടിയായി. 142 അടിയാണ് അനുവദനീയമായ പരമാവധി ജലനിരപ്പ്.

മഴയുടെ അളവ് (മില്ലി മീറ്ററിൽ)​

ഉടുമ്പൻചോല- 5.8 മിമീ

ദേവികുളം- 5.4

പീരുമേട്- 2.1

ഇടുക്കി- 9.2

തൊടുപുഴ- 4.2

 ശരാശരി- 5.34

ജാഗ്രത വേണം

ശക്തമായ കാറ്റിനു സാദ്ധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.