ചെറുതോണി.മൂന്നാറിലും വാഗമണ്ണിലും ഉൾപ്പെടെ വിനോദസഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം ടൂറിസം മേഖലയെ തകർക്കുമെന്നതിനാൽ ഈ നീക്കത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് ആവശ്യപ്പെട്ടു.വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ജനവാഹക ശേഷി പരിശോധിച്ചു സന്ദർശകർക്ക് വിലക്കും നിയന്ത്രണവും ഏർപ്പെടുത്താനുള്ള പ്രാഥമിക പഠനം നടത്താൻ വനം ടൂറിസം വകുപ്പുകളെ ഏൽപ്പിച്ച സംസ്ഥാന സർക്കാർ നടപടി ഗൂഢാലോചനയും ദുരൂഹവുമാണ്. വയനാട് പോലുള്ള മേഖലകളുടെ ജനവാഹക ശേഷി പഠിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിന്റെ മറവിലാണ് സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളെ അപ്പാടെ ഉൾപ്പെടുത്തി പഠനം നടത്തുന്നത്. പൊൻമുടി, ചെമ്പ്ര, മൂന്നാർ, വാഗമൺ എന്നിവിടങ്ങളിലാണ് ആദ്യഘട്ട പഠനം.

ഇടുക്കിയിലെ ടൂറിസം മേഖലകളിലേക്ക് പരിസ്ഥിതിയുടെയും നിലനിൽക്കുന്ന അശാസ്ത്രീയ നിയമങ്ങളുടെയും അടിസ്ഥാനത്തിൽ കപട പരിസ്ഥിതി വാദികളുടെ വാദഗതികൾക്ക് അനുസരിച്ച് ഹൈക്കോടതി കേസുകൾ പരിഗണിക്കുമ്പോൾ സർക്കാർ അഭിഭാഷകർ ഒരക്ഷരം മിണ്ടാതെ എല്ലാ വാദഗതികളെയും പിന്തുണയ്ക്കുകയും ശിരസാ വഹിക്കുകയും ആണ് ഇപ്പോൾ ചെയ്യുന്നത്. മൂന്നാറിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളുടെ നാലിൽ മൂന്നു ഭാഗവും ഭൂമി പതിവ് നിയമമനുസരിച്ച് പട്ടയം ലഭിച്ചിട്ടുള്ള ഭൂമിയിൽ വീട് വെക്കാനും കൃഷിക്കും മാത്രമേ ഉപയോഗിക്കാവൂ എന്നുള്ള വ്യവസ്ഥ ലംഘിച്ച് നിർമ്മിച്ചിട്ടുള്ളവയാണ്. ഈ റിസോർട്ടുകളെ ഒന്നും തന്നെ ജനവാഹക കേന്ദ്രങ്ങൾ ആയി കണക്കാക്കുകയില്ല. ഫലത്തിൽ മൂന്നാറിലേക്കുള്ള പ്രവേശനം ഇപ്പോഴുള്ളതിന്റെ നാലിലൊന്നായി ചുരുങ്ങുന്ന ഗൗരവമായ സ്ഥിതി ഉണ്ടാവും.

തമിഴ് നാട്ടിലേ ഊട്ടിയിൽ ഇത്തരം പദ്ധതിയുടെ അടിസ്ഥാനത്തിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഊട്ടി രാജ്യത്തിന്റെ ടൂറിസം ഭൂപടത്തിൽ നിന്ന് തന്നെ പിന്നോട്ട് പോയ അനുഭവമുണ്ട്. നിരവധി പേർ ദിവസേന മൂന്നാറിലെത്തി പ്രകൃതി സൗന്ദര്യം ആസ്വദിച്ച് അന്നുതന്നെ മടങ്ങുന്നവരാണ്. ഇപ്രകാരമുള്ള സന്ദർശനം പുതിയ നയം വരുന്നതോടെ അവസാനിക്കും. മുൻകൂട്ടി അനുമതി വാങ്ങാതെ മൂന്നാറിൽ സന്ദർശനം അനുവദിക്കാത്ത സ്ഥിതി ഉണ്ടാവുമെന്നും സർക്കാരിന്റെ നിരുത്തരവാദപരമായ ഈ നീക്കം ഇടുക്കിയിലെടൂറിസം മേഖലയെ ഇല്ലായ്മ ചെയ്യുമെന്നുംഎം.ജെ ജേക്കബ് ചൂണ്ടിക്കാട്ടി.