തൊടുപുഴ: പ്രായം 75 പിന്നിട്ടെന്നത് മറന്ന് മനോഹരൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടക്കുകയാണ്,​ ഒരേ ഒരു ലക്ഷ്യവുമായി. 'ഞാൻ രാജ്യദ്രോഹിയല്ല,​ രാജ്യസ്നേഹിയാണ്". കമ്മ്യൂണിസ്റ്റ് മുദ്രകുത്തി കേന്ദ്രസർക്കാർ പിരിച്ചുവിട്ട ജീവനക്കാരെ പുനരധിവസിപ്പിക്കണമെന്ന ആവശ്യവുമായാണ് കായംകുളത്തുകാരനായ അഡ്വ. മനോഹരൻ കേരളയാത്ര നടത്തുന്നത്. പ്രമുഖ രാഷ്ട്രീയ സാംസ്‌കാരിക നേതാവായിരുന്ന കുമ്പളത്ത് ശങ്കുപിള്ളയുടെ കുടുംബാംഗമാണ് മനോഹരൻ. 1969ൽ ഇന്ത്യൻ ആർമിയുടെ മദ്രാസ് എൻജിനിയറിങ് വിഭാഗത്തിൽ ജോലിക്ക് കയറിയ മനോഹരനെ കമ്മ്യൂണിസ്റ്റ് ആഭിമുഖ്യമുണ്ടെന്ന് പറഞ്ഞ് രണ്ടു വർഷത്തിനുശേഷം ജോലിയിൽ നിന്ന് പുറത്താക്കി. 1972ൽ ബോംബെ ആദായനികുതി വിഭാഗത്തിൽ ജോലികിട്ടി. അവിടെയും ഒമ്പതു മാസത്തെ സർവീസിന് ശേഷം രാജ്യദ്രോഹി മുദ്ര വീണതോടെ ജോലി പോയി. ഇത്തരത്തിൽ ആയിരക്കണക്കിനാളുകളെയാണ് അക്കാലത്ത് കേന്ദ്രസർക്കാർ പുറത്താക്കിയത്. 1977ലെ ജനതാ സർക്കാർ ഈ കരിനിയമം പിൻവലിച്ചെങ്കിലും ഇരകളെ പുനർനിയമിക്കാനോ പുനരധിവസിപ്പിക്കാനോ തയ്യാറായില്ല. പിരിച്ചുവിട്ടവരിൽ പലരും ജീവിക്കാനാകാതെയും അപമാനഭാരത്താലും ആത്മഹത്യചെയ്തു. ചിലരെ നക്സൽ,​ തീവ്രവാദ ബന്ധം ആരോപിച്ച് പൊലീസ് വേട്ടയാടി. ജീവിക്കാൻ വേണ്ടി ഹോട്ടൽ പണിയും പെയിന്റിങ്ങുമടക്കം നിരവധി ജോലികൾ ചെയ്ത മനോഹരൻ പഠിച്ച് അഭിഭാഷകനായി. എങ്കിലും അന്നുപതിഞ്ഞ രാജ്യദ്രോഹിയെന്ന മുദ്ര ഒഴിവാക്കിക്കിട്ടാൻ ഇപ്പോൾ ഇറങ്ങിതിരിച്ചിരിക്കുകയാണ്. എം.പിയായിരിക്കെ സീതാറാം യെച്ചൂരി വഴി രാജ്യസഭയിൽ വിഷയം ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് 'ധർമസമരയാത്ര' എന്ന പേരിൽ ആഗസ്റ്റ് 15ന് കാസർകോട് തലപ്പാടിയിൽ നിന്ന് കാൽനടയാത്ര ആരംഭിച്ചത്. ഓരോ ജില്ലാ ആസ്ഥാനങ്ങൾ വഴിയാണ് ഒറ്റയാൾ യാത്ര കടന്നുപോകുന്നത്. ദിവസം ശരാശരി 6- 7 മണിക്കൂർ കൊണ്ട് 25 കിലോ മീറ്റർ നടക്കുന്ന അദ്ദേഹം ചൊവ്വാഴ്ച തൊടുപുഴയിലെത്തി. ഇന്ന് ഇടുക്കിയിലേക്ക് നടക്കും. നവംബർ ആദ്യവാരം തലസ്ഥാനത്തെത്തി മുഖ്യമന്ത്രിയെയും ഗവർണറെയും കണ്ട് പരാതികൾ ബോധ്യപ്പെടുത്താനുള്ള പരിശ്രമത്തിലാണ്. പോരാട്ടത്തിന് ഊർജ്ജമായി നിന്ന ഭാര്യ പി. ലളിത കഴിഞ്ഞവർഷം മരിച്ചു. കായംകുളം, മാവേലിക്കര കോടതികളിൽ അഭിഭാഷകനാണ് മനോഹരൻ. രാഹുൽ, മൃദുൽ എന്നിവർ മക്കളാണ്.