
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ഇന്നലെ നടന്ന ഉപസമിതിയുടെ പരിശോധനയും യോഗവും തമിഴ്നാട് ബഹിഷ്‌കരിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ അറ്റകുറ്റപ്പണിക്കൾക്കുള്ള സാമഗ്രികൾ എത്തിക്കുന്നതിനുള്ള അനുമതി കേരളം നിഷേധിക്കുന്നുവെന്നാരോപിച്ചാണ് തമിഴ് നാടിന്റെ ബഹിഷ്‌കരണം ഉണ്ടായത്. സെന്റർ വാട്ടർ കമ്മീഷനംഗം ബി.സതീഷ് ചെയർമാനായ ഉപസമിതിയാണ് ഇന്നലെ മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധനക്കെത്തിയത്. അണക്കെട്ടിലെ പരിശോധന തുടങ്ങും മുൻപ് കേരളം അണക്കെട്ടിലേക്ക് അറ്റകുറ്റപണികൾക്കായുള്ള സാധനങ്ങൾ എത്തിക്കുന്നതിന് തടസം നിൽക്കുന്നു വെന്നും നടപടി വേണമെന്നും തമിഴ്നാട് പ്രതിനിധികൾ ഉപസമിതിയോടാവശ്യപ്പെട്ടു. അടുത്ത മീറ്റിംഗിൽ ഇക്കാര്യം പരിഗണിക്കാമെന്ന ഉപസമിതിയുടെ മറുപടിയിൽ തൃപ്തരാകാതെ തമിഴ്നാട് പരിശോധനയും തുടർന്നുള്ള കുമളി മുല്ലപ്പെരിയാർ ഓഫീസിലെ മീറ്റിംഗും ബഹിഷ്‌കരിക്കുകയാണെന്ന് അറിയിച്ചു. തമിഴ്നാടിന്റെ നിലപാടിനേ തുടർന്ന് ഉപസമിതിയുടെ അണക്കെട്ടിലെ പരിശോധനയും തുടർന്നുള്ള യോഗവും നടന്നില്ല.