തൊടുപുഴ: കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത ഇടുക്കി ഡി.എം.ഒ എൽ. മനോജിന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. ഡി.എം.ഒയുടെയും ഒപ്പം അറസ്റ്റിലായ സഹായി രാഹുൽ രാജിന്റെയും ജാമ്യാപേക്ഷ ബുധനാഴ്ചയാണ് കോടതി പരിഗണിച്ചത്. രാഹുലിനെ വിജിലൻസ് കസ്റ്റഡിയിൽ വാങ്ങി. ഇയാളെ ഇന്നലെ ചെമ്പകപ്പാറ പി.എച്ച്.സിയിലെ ഡോ. എസ്. ഷെഹിന്റെ അമ്മഞ്ചേരിയിലെ വീട്ടിലെത്തിച്ച് വിജിലൻസ് തെളിവെടുത്തു. മൂന്നു വർഷത്തിനിടെ രാഹുലിന്റെ അക്കൗണ്ടിലേക്ക് എത്തിയത് കോടികളാണ്. ഇത് ഡോ. മനോജിനും ഡോ. ഷെഹിനും വേണ്ടിയുള്ളതാണെന്നാണ് വിജിലൻസ് നിഗമനം. കൂടുതൽ വിവരങ്ങൾ രാഹുലിൽ നിന്ന് വ്യക്തമാകാനുണ്ടെന്ന് അധികൃതർ പറഞ്ഞു. മൂന്നാർ ചിത്തിരപുരത്തെ സ്വകാര്യ ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ കഴിഞ്ഞ ഒമ്പതിനാണ് ഡി.എം.ഒയെയും രാഹുലിനെയും വിജിലൻസ് അറസ്റ്റ്‌ ചെയ്തത്. പണം വാങ്ങുന്നത് സംബന്ധിച്ച് ഡി.എം.ഒയ്‌ക്കെതിരെ വ്യാപക പരാതി ഉയർന്നതോടെ ആരോഗ്യവകുപ്പ് സെക്രട്ടറി ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. പിറ്റേന്ന് ട്രൈബ്യൂണലിനെ സമീപിച്ച് സസ്‌പെൻഷന് സ്റ്റേ വാങ്ങി. തൊട്ടടുത്ത ദിവസം സർവീസിൽ തിരികെ പ്രവേശിച്ചെങ്കിലും അന്ന് തന്നെ കൈക്കൂലിക്കേസിൽ അറസ്റ്റിലാവുകയായിരുന്നു. മൂന്നാർ മേഖലയിലെ റസോർട്ടുകളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് മൂന്നുമാസമായി ഡി.എം.ഒ വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. അടുത്തിടെ ചിത്തിരപുരത്തെ ഹോട്ടൽ സന്ദർശിച്ച ഡി.എം.ഒ മാനേജരോട് ഓഫീസിൽ വന്ന് കാണാൻ ആവശ്യപ്പെട്ടു. ശേഷം ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. പിന്നീടത് 75,000 രൂപയാക്കുകയായിരുന്നു. ഈ തുക ഡി.എം.ഒയുടെ സുഹൃത്തായ ചെമ്പകപ്പാറ പി.എച്ച്.സിയിലെ ഡോ. എസ്. ഷെഹിന്റെ വീട്ടിലെ ഡ്രൈവറുടെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് വാങ്ങി. തൊട്ടുപിന്നാലെ കോട്ടയത്ത് നിന്നാണ് രാഹുലിനെ അറസ്റ്റ്‌ ചെയ്തത്. സ്വകാര്യ പ്രാക്ടീസിനെ തുടർന്ന് രണ്ടു തവണ വിജിലൻസ് അറസ്റ്റ്‌ ചെയ്തയാളാണ് ഡോ. ഷെഹിൻ.