muttom
മുട്ടം ടൗണിൽ കഴിഞ്ഞ ദിവസമുണ്ടായ ഗതാഗതകുരുക്ക്‌

മുട്ടം: തൊടുപുഴയുടെ ഉപനഗരമായി വികസിക്കുന്ന മുട്ടം ടൗൺ ഗതാഗത കുരുക്കിൽ വീർപ്പ് മുട്ടുന്നു. ഹൈറേഞ്ചടക്കമുള്ള പ്രദേശങ്ങളിലേക്ക് മുട്ടം ടൗൺ വഴി ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങളാണ് നിത്യവും കടന്ന് പോകുന്നത്. ഇതിനാൽ ടൗണിൽ ഗതാഗത കുരുക്ക് അതി രൂക്ഷമാണ്. ടൗണിൽ ചള്ളാവയൽ ജംഗ്ഷൻ, കോടതി ജംഗ്ഷൻ, കടുതോടിൽ സൂപ്പർ മാർക്കറ്റ് ജംഗ്ഷൻ എന്നിവിടങ്ങളിൽ അനിയന്ത്രിതമായ ഗതാഗത കുരുക്കാണ് അനുവപ്പെടുന്നത്. പൊലീസ് ഡ്യൂട്ടിക്കുണ്ടെങ്കിലും വാഹനങ്ങളുടെ തിരക്ക് അതിരൂക്ഷമായതിനാൽ ഗതാഗതം നിയന്ത്രിക്കുന്നത് അപ്രായോഗികമാണ്. രാവിലെ 8.45 മുതൽ കോടതി സമയമാകുന്ന 11 വരെയും വൈകിട്ട് 3.30 മുതൽ എട്ട് വരെയും മുട്ടം ടൗണിലൂടെ വാഹനങ്ങളുടെ കുത്തൊഴുക്കാണ്. ഇതിനിടയിലാണ് അശാസ്ത്രീയമായ ബസ് സ്റ്റോപ്പുകളും. കോടതി ജംഗ്ഷനിൽ മുൻ എം.പി പി.ടി. തോമസിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചെങ്കിലും പ്രവർത്തന സജ്ജമാക്കുന്നതിന് അധികൃതർ താത്പര്യപ്പെടുന്നുമില്ല. ഇത് പ്രവർത്തന സജ്ജമാക്കിയാൽ കോടതി ജംഗ്ഷനിലെ ഗതാഗത കുരുക്ക് നിയന്ത്രണ വിധേയമാക്കാൻ കഴിയും. മുട്ടം ടൗണിലെ അതിരൂക്ഷമായ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായി ടൗൺ കേന്ദ്രീകരിച്ചും ഇടപ്പെള്ളി, തോട്ടുങ്കര എന്നിങ്ങനെ രണ്ട് ബൈപാസുകൾ വർഷങ്ങൾക്ക് മുമ്പ് വിഭാവനം ചെയ്‌തെങ്കിലും അതൊക്കെ കടലാസിൽ മാത്രമൊതുങ്ങി.

'ബസ് സ്റ്റോപ്പുകൾ

പുനഃക്രമീകരിക്കണം"

ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കണമെന്നുള്ള ആവശ്യം ശക്തമാകുന്നു. തൊടുപുഴ, മൂലമറ്റം, പാലാ,​ ഈരാറ്റുപേട്ട ഭാഗങ്ങളിലേക്കുള്ള ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കണമെന്ന് വർഷങ്ങൾക്ക് മുമ്പ് ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി, പഞ്ചായത്ത് ഗതാഗത ഉപദേശക സമിതി എന്നിവർ തീരുമാനിച്ചെങ്കിലും ബന്ധപ്പെട്ട അധികൃതരുടെ താത്പര്യക്കുറവിനാൽ പഴയ അവസ്ഥയാണ് ഇപ്പോഴും തുടരുന്നത്. പഞ്ചായത്തിന്റെ വിവിധ ഗ്രാമസഭകൾ, വികസന സെമിനാറുകൾ എന്നിവിടങ്ങളിലും ഇത് സംബന്ധിച്ച് തീരുമാനിച്ചിരുന്നു.