station
നിർമ്മാണം പൂർത്തിയായി വരുന്ന വാഗമണ്ണിലെ പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടം.

പണി പൂർത്തിയാകാതെ വാഗമണ്ണിലെ പുതിയ പൊലീസ് സ്റ്റേഷൻ.

> ശോച്യാവസ്ഥയിലുള്ള പഴയ കെട്ടിടത്തിനുള്ളിൽ വീർപ്പുമുട്ടി വാഗമണ്ണിലെ പൊലീസ് ഉദ്യോഗസ്ഥർ.


കട്ടപ്പന : വാഗമൺ വിനോദ സഞ്ചാര കേന്ദ്രത്തിലെ പൊലീസ് സ്റ്റേഷൻ പരാധീനതയുടെ നടുവിലാണ് പ്രവർത്തിക്കുന്നത്. 2014 ഫെബ്രുവരി 14ന് വാഗമൺ ടൗണിൽ ഉദ്ഘാടനം ചെയ്തപൊലീസ് സ്റ്റേഷൻ തുടക്കം മുതൽ പഞ്ചായത്ത് നൽകിയ കെട്ടിടത്തിലാണ് പ്രവർത്തിച്ച് പോരുന്നത്. പൊലീസ് സ്റ്റേഷന് സ്വന്തമായി ഒരു കെട്ടിടം വേണമെന്ന് തുടക്കം മുതൽ ആവശ്യം ഉന്നയിക്കുന്നതാണ്. എന്നാൽ ഭൂമിയില്ലാതിരുന്നത് തിരിച്ചടിയായി. അന്നത്തെ എം എൽ എ ഇ എസ് ബിജിമോളുടെ ശ്രമഫലമായി റവന്യൂ വകുപ്പിൽ നിന്നും വാഗമൺ പുള്ളിക്കാനം റോഡിൽ വില്ലേജ് ഓഫീസിന് സമീപം അര ഏക്കർ ഭൂമി വിട്ടു നൽകി. തുടർന്ന് ആദ്യന്തര വകുപ്പിൽ നിന്നും കെട്ടിടം നിർമ്മിക്കാനായി ഫണ്ടും അനുവദിപ്പിച്ചിരുന്നു. കരാർ ഏറ്റെടുത്ത കരാറുകാരൻ സമയബന്ധിതമായി നിർമ്മാണം ആരംഭിക്കുകയും നിർമ്മാണ പ്രവർത്തനം അവസാന ഘട്ടത്തിലെത്തിലും എത്തിയിരുന്നു. എന്നാൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കാൻ അധികൃതർക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല.

ആധുനീക രീതിയിൽ 3 നിലകളോടു കൂടിയ കെട്ടിടമാണ് വാഗമൺ പൊലീസ് സ്റ്റേഷന് വേണ്ടി നിർമ്മിച്ചു കൊണ്ടിരിക്കുന്നത്.
ഏകദേശം മൂന്ന് വർഷം മുമ്പാണ് നിർമ്മാണ പ്രവർത്തനം ആരംഭിച്ചത്. 20ശതമാനം നിർമ്മാണ പ്രവർത്തനങ്ങൾ കൂടി പൂർത്തിയാക്കേണ്ടതുണ്ട്. രണ്ടു കോടി രൂപയാണ് സർക്കാർ പൊലീസ് സ്റ്റേഷൻ നിർമ്മാണത്തിനായി നീക്കിവെച്ചിരുന്നത്. എന്നാൽ നിർമ്മാണം പൂർത്തീകരിക്കാൻ പണം തികയാതെ വരികയും വീണ്ടും അപേക്ഷ നൽകുകയും ചെയ്തു.
കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനം ഉടൻ പൂർത്തിയാക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് അധികൃതരും മാസങ്ങളായി കാത്തിരിക്കുന്നത്.അതേ സമയം പോലീസ് സ്റ്റേഷനിലേക്കുള്ള പാതയുടെ നിർമ്മാണം ബാക്കി നിൽക്കുകയാണ്. പോലീസ് സ്റ്റേഷനിലേക്കുള്ള വഴിയും പാർക്കിംങ്ങുമടക്കം വേണമെങ്കിൽ സർക്കാർ ഭൂമിയിൽ നിന്ന് സ്ഥലം ഇനിയും വേണ്ടിവരും. കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തികരിച്ചാലും കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ സ്വന്തമായി പാതയില്ല എന്നതാണ് മറ്റൊരു പ്രതിസന്ധി. അതേസമയം ഇവയെല്ലാം പരിഹരിച്ച് ഏതാനും മാസങ്ങൾക്കകം പുതിയ കെട്ടിടത്തിലേക്ക് തലയെടുപ്പോടെ മാറാമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

> വീർപ്പുമുട്ടി പഴയ കെട്ടിടത്തിൽ ഉദ്യോഗസ്ഥർ

നാടിനെ കാക്കുന്ന വാഗമണ്ണിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് വിശ്രമിക്കാൻ പോലും സൗകര്യമില്ലാത്ത കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രഹർത്തിക്കുന്നത്. പഞ്ചായത്ത് കെട്ടിടത്തിൽ ഏറെ പരാധീനകൾക്ക് നടുവിലാണ് സ്റ്റേഷന്റെ പ്രവർത്തനം. ആവശ്യത്തിന് ശുചിമുറികളോ, ലോക്കപ്പുകളോ, മുറികളോ ഇല്ല . കൂടാതെ വിസ്താരവും വളരെ കുറവ്. സീസൺ സമയങ്ങളിൽ ദിവസേന ആയിരത്തിലധികം വിനോദസഞ്ചാരികളെത്തുന്ന വാഗമണ്ണിൽ ചെറുതും വലുതുമായ നിരവധി കേസുകളും ഉണ്ടാകുന്നു. എന്നാൽ സ്റ്റേഷന്റെ സ്ഥലപരിമിതി പോലീസ് ഉദ്യോഗസ്ഥരുടെ സുഗമമായ കൃത്യനിർവഹണത്തിന് വിലങ്ങു തടി ആകുന്നു.

ലേഖകന്റെ ഫോൺ നമ്പർ:9061249253