തൊടുപുഴ: സിനിമാ പ്രവർത്തകരെ ലോഡ്ജിൽ കയറി സംഘം ചേർന്ന് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതികളെ ഇനിയും പിടികൂടാനാകാതെ പൊലീസ്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് 10 പേർക്കെതിരെയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അക്രമം നടത്തിയവരെ ലോഡ്ജിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. എന്നാൽ പ്രതികളെല്ലാം ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. നഗരത്തിലെ ബാറിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അക്രമ സംഭവങ്ങളുടെ തുടക്കം. ബാറിലേക്ക് പിക്ക് അപ്പ് ജീപ്പിലെത്തിയ യുവാവ് വാഹനം ഒതുക്കിയിടാൻ തയ്യാറായില്ല. ഇത് മറ്റ് വാഹന ഉടമകളും അവിടെ ഉണ്ടായിരുന്നവരും ചോദ്യം ചെയ്തു. ഇതോടെ പിക്ക് അപ്പ് ജീപ്പിലെത്തിയ ആൾ വേഗത്തിൽ വാഹനം മുന്നോട്ടെടുക്കുകയും അവിടെ നിരയായി നിർത്തിയിട്ടിരുന്ന ബൈക്കുകളിൽ തട്ടി മറിയുകയും ചെയ്തു. ഇതിൽ പ്രകോപിതരായി ബൈക്കുടമകളും സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ടെത്തിയ തിരുവന്തപുരം സ്വദേശികളും പിക്ക് അപ്പ് ഡ്രൈവറെ കൈയേറ്റം ചെയ്തു. ഇവിടെ നിന്ന് മടങ്ങിയ പിക്ക് അപ്പ് ജീപ്പിന്റെ ഡ്രൈവർ പതിനഞ്ചോളം വരുന്ന സുഹൃത്തുക്കളേയും കൂട്ടി മടങ്ങിയെത്തി സിനിമാ പ്രവർത്തകർ താമസിക്കുന്ന ലോഡ്ജിലെത്തി അതിക്രൂരമായ അക്രമം നടത്തുകയായിരുന്നു. മർദ്ദനമേറ്റവരിൽ ഒരാൾ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നഗര മദ്ധ്യത്തിലെ ലോഡ്ജിലെ സംഘർഷം ഏറെ നേരം നീണ്ട് നിന്നെങ്കിലും പൊലീസ് സംഭവമറിഞ്ഞത് ഏറെ വൈകിയാണ്. തുടർന്ന് തൊടുപുഴയിലെ തന്നെ ആശുപത്രിയിൽ ചികിത്സ തേടിയവരിൽ നിന്ന് മൊഴിയെടുത്ത ശേഷമാണ് പൊലീസ് കേസെടുത്തത്.
മകനെ കിട്ടാത്തതിന്
പിതാവിനെ ഭീഷണിപ്പെടുത്തിയെന്ന്
അക്രമ സംഭവുമായി ബന്ധപ്പെട്ട് പ്രതിയായ മകനെ കിട്ടാത്തതിനെ തുടർന്ന് വയോധികനായ പിതാവിനെ ഭീഷണിപ്പെടുത്തുകയും കട തുറക്കുന്നത് വിലക്കുകയും ചെയ്തതായി പരാതി. പ്രതികളിലൊരാളുടെ പിതാവായ പുത്തൻപുരയ്ക്കൽ മോഹനനെന്ന 60 വയസുകാരനോട് എസ്.ഐ മോശമായി പെരുമാറിയെന്നാണ് പരാതി ഉയർന്നത്. കോലാനിയിൽ തട്ടുകട നടത്തിയാണ് മോഹനനും സ്‌ട്രോക്ക് വന്ന് ശരീരം തളർന്ന് കിടപ്പ് രോഗിയായ ഭാര്യയും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. അക്രമ സംഭവുമായി ബന്ധപ്പെട്ട് മകൻ പ്രതിയായിട്ടുണ്ടെന്നും മകനെ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കണമെന്നും കഴിഞ്ഞ ദിവസം രാത്രി തട്ടുകടയിലെത്തിയ എസ്.ഐ ആവശ്യപ്പെട്ടതായി മോഹനൻ പറഞ്ഞു. എന്നാൽ മകൻ സ്വന്തം നിലയിലാണ് ജീവിക്കുന്നതെന്നും എവിടെയാണെന്ന് അറിയില്ലെന്നും മോഹനൻ മറുപടി പറഞ്ഞു. ഇതോടെ ക്ഷുഭിതനായ എസ്.ഐ അടുത്ത ദിവസം മുതൽ കട തുറക്കരുതെന്നും അഥവാ തുറന്നാൽ കട പൊളിച്ച് കളയുമെന്നും തനിക്കെതിരെ കേസെടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും മോഹനൻ പറഞ്ഞു. ഭയന്ന മോഹനൻ രണ്ട് ദിവസമായി കട തുറക്കാനാവാത്ത സ്ഥിതിയിലാണ്. കട തുറക്കുന്നില്ലെന്ന് ഉറപ്പാക്കാനായി ഇന്നലെ വീണ്ടും പൊലീസ് വീട്ടിലെത്തി. ആ സമയം ഭാര്യയുടെ മുന്നിൽ വച്ചും ഭീഷണി മുഴക്കി. പൊലീസിന്റെ ഭീഷണിയെ തുടർന്ന് കട തുറക്കാനാവാത്തതിനാൽ മരുന്ന് വാങ്ങാൻ പോലും സാധിക്കുന്നില്ലെന്ന് മോഹനൻ പറഞ്ഞു. മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. പക്ഷേ, വയോധികരായ തങ്ങളെ ഉപദ്രവിക്കരുതെന്നാണ് മോഹനന്റെയും ഭാര്യയുടെയും അപേക്ഷ.