തൊടുപുഴ: കെ.എസ്.ആർ.ടി.സി തൊടുപുഴ ഡിപ്പോയിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെടുന്ന ബസിൽ കയറിയ യാത്രക്കാരെ രണ്ട് തവണ ജീവനക്കാർ ഇറക്കി വിട്ടതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. എറണാകുളം ബോർഡ് വച്ച ബസിൽ മുപ്പതിലേറെ യാത്രക്കാർ കയറി കഴിഞ്ഞപ്പോൾ ഒരു ഡ്രൈവറെത്തി വാഹനം സ്റ്റാർട്ട് ചെയ്തു. ഇതിന് ശേഷം യാത്രക്കാരോട് ഈ ബസ് ഇപ്പോൾ പുറപ്പെടില്ലെന്നും അടുത്ത് കിടക്കുന്ന വണ്ടിയിൽ കയറാനും ആവശ്യപ്പെട്ടു. തുടർന്ന് യാത്രക്കാർ കൂട്ടത്തോടെ അടുത്ത് കിടന്ന ബസിൽ കയറി. അപ്പോഴേക്കും നേരത്തെയെത്തി സീറ്റ് പിടിച്ച പലർക്കും ഇരിപ്പടം നഷ്ടമായിരുന്നു. തുടർന്ന് അടുത്ത ബസിൽ കയറി 5 മിനിട്ട് കഴിഞ്ഞപ്പോഴേക്കും മറ്റൊരു ജീവനക്കാരനെത്തി ഈ വണ്ടിയും പോകില്ല,​ അടുത്തത്തിൽ കയറാൻ ആവശ്യപ്പെട്ടു. ഇതോടെ യാത്രക്കാർ ക്ഷുഭിതരായി. ചിലർ ഡിപ്പോയിലെത്തി പ്രതിഷേധമറിയിച്ചു. എന്നാൽ ഡിപ്പോ അധികൃതർ വ്യക്തമായ മറുപടി നൽകിയില്ല. മൂന്നാമതായി കയറാൻ പറഞ്ഞ ബസ് വൈറ്റിലയ്ക്കുള്ളതായിരുന്നു. തുടർന്ന് എറണാകുളം കെ.എസ്.ആർ.ടി.സി ഭാഗത്തേക്ക് പോകേണ്ടവരടക്കം വൈറ്രിലയിലിറങ്ങി അടുത്ത ബസ് പിടിച്ചാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. അതേസമയം യാത്രക്കാർ പ്രതിഷേധമറിയിച്ചിട്ടും ഡി.ടി.ഒയടക്കമുള്ള അധികൃതർ സംഭവമറിഞ്ഞില്ലെന്നാണ് പറയുന്നത്.