തൊടുപുഴ: ദേവികുളം ചൊക്രമുടിയിൽ ഭൂമി കൈയേറ്റവും അനധികൃത നിർമ്മാണവും നടന്നതിൽ ബൈസൺവാലി താലൂക്ക് സർവേയരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
ദേവികുളം തഹസിൽദാരുടെ ഓഫീസിലെ താലൂക്ക് സർവേയർ ആർ.ബി. വിപിൻരാജിനെയാണ് സർവേ ഡയറക്ടർ സസ്പെൻഡ് ചെയ്തത്. ചൊക്രമുടി മലനിരകളിലെ കൈയേറ്റഭൂമി സർക്കാർ പാറ പുറമ്പോക്കാണെന്ന് റവന്യൂ രേഖകളിൽ വ്യക്തമായിട്ടും സ്വകാര്യ വ്യക്തികൾക്ക് പട്ടയം നൽകിയതും അനധികൃത നിർമ്മാണം അനുവദിച്ചത് ചട്ടലംഘനവും കൃത്യവിലോപവുമാണെന്ന് കണ്ടെത്തിയാണ് നടപടി. ദേവികുളം സബ് കളക്ടറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നേരത്തെ ദേവികുളം തഹസിൽദാർ, ഡപ്യൂട്ടി തഹസിൽദാർ, ബൈസൺവാലി വില്ലേജ് ഓഫീസർ, ബൈസൺവാലി വില്ലേജിന്റെ ചുമതലയുള്ള താലൂക്ക് സർവേയർ എന്നിവരെ സർവീസിൽ നിന്ന് മാറ്റിനിർത്തി അച്ചടക്ക നടപടിയെടുക്കണമെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നിർദ്ദേശിച്ചിരുന്നു. ലാൻഡ് റവന്യൂ കമ്മീഷണർ ഇതുവരെ നടപടിയെടുത്തിട്ടില്ല.