kunjukrishnan

കട്ടപ്പന :കാട്ടനയുടെ മുന്നിൽപ്പെട്ടയാൾ ഓടി രക്ഷപെടുന്നതിനിടെ വീണു പരിക്കേറ്റു.
കണ്ണംപടി കൊല്ലത്തിക്കാവ് പുന്നയ്ക്കൽ കുഞ്ഞുകൃഷ്ണനാണ് (61) സാരമായി പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് നാലേ കാലോടെ
മെമ്പർ കവലയിലെ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റിനു സമീപമാണ് സംഭവം.
ഉപ്പുതറ സെയിന്റ്. ഫിലോമിനാസ് സ്‌കൂളിൽ പഠിക്കുന്ന പേരക്കുട്ടികളെ കൂട്ടാൻ എത്തിയതായിരുന്നു കുഞ്ഞു കൃഷ്ണൻ. ഈ സമയം കിഴകോനം ഉപ്പുതറ റോഡിൽ നിൽക്കുകയായിരുന്ന ഒറ്റയാന്റെ മുന്നിൽപ്പെടുകയായിരുന്നു. വീണ് പരിക്കേറ്റിട്ടും ആന പിന്നിലുണ്ടെന്ന് മനസിലായതോടെ പരിക്ക് വകവക്കാതെ മരങ്ങൾ തിങ്ങി നിൽക്കുന്ന വനത്തിലേക്ക് ഓടിക്കയറി. തലനാരിഴക്കാണ് രക്ഷപെട്ടത്. റോഡിലൂടെ ആന പോയെന്നു ഉറപ്പാക്കിയ ശേഷം രക്ഷപ്പെട്ട് ചെക്ക് പോസ്റ്റിൽ അഭയം തേടി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ അറിയിച്ചതനുസരിച്ച് കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരെത്തി. പിന്നീട് വനം വകുപ്പിന്റെ ജീപ്പിൽ ഉപ്പുതറ കമ്യൂണിറ്റി സെന്ററിൽ എത്തിച്ച് പ്രാഥമീക ശുശ്രൂഷ നൽകി. തുടർന്ന് വിദഗ്ധ ചികിത്സക്കായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞുകൃഷ്ണന്റെ രണ്ടു കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. കണ്ണംപടി വനമേഖലയിൽ ഏറ്റവും കൂടുതൽ വന്യമൃഗശല്യമുള്ള പ്രദേശമാണ്
കൊല്ലത്തിക്കാവ് മെമ്പർ കവല.