തൊടുപുഴ: മഞ്ഞ, പിങ്ക് റേഷൻ കാർഡുകാർക്കുള്ള മസ്റ്ററിംഗ് ജില്ലയിൽ ഇതിനോടകം പൂർത്തിയാക്കിയത് 85 ശതമാനം പേർ മാത്രം. ഒടുവിൽ ലഭിച്ച കണക്കുപ്രകാരം ഇതുവരെ അന്ത്യോദയ അന്ന യോജന പ്രകാരമുള്ള മഞ്ഞ കാർഡംഗങ്ങളിലെ 10,5478 പേരിൽ 88,209 പേർ മസ്റ്ററിംഗ് പൂർത്തിയാക്കി. മുൻഗണനാ വിഭാഗം കാർഡിൽ 4,58, 226 പേർ അംഗങ്ങളായുണ്ട്. അതിൽ 3,75,654 പേരാണ് ഇതുവരെ മസ്റ്ററിംഗ് നടത്തിയത്. രണ്ട് വിഭാഗത്തിലെയും കാർഡ് അംഗങ്ങളിൽ നിന്ന് ഇതുവരെ മസ്റ്ററിംഗ് ചെയ്തത് 4,63,863 പേരാണ്. രണ്ട് വിഭാഗം കാർഡംഗങ്ങളിൽ നിന്ന് ഒരു ലക്ഷത്തിലധികം പേർ ഇനിയും മസ്റ്ററിംഗ് പൂർത്തിയാക്കാനുണ്ട്. മസ്റ്ററിംഗ് നടപടികൾ 25ന് അവസാനിക്കും. ഇനിയും കാലാവധി നീട്ടണമെന്നാവശ്യവും ഉയരുന്നുണ്ട്. കാർഡിൽ പേരുള്ള എല്ലാവരും റേഷൻ കടകളിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നാണ് നിബന്ധന. പലരും ഏറെ നേരം ശ്രമിച്ചിട്ടും മസ്റ്ററിംഗ് നടത്താനാകാതെ നിരാശരായി മടങ്ങുന്ന സാഹചര്യമുണ്ട്. ഇ- പോസ് മെഷീനുകളിൽ ഇവരുടെ കൈവിരലുകൾ പതിച്ചാലും വിരലടയാളം പൊരുത്തപ്പെടാത്തതിനാൽ വിവരങ്ങൾ തെളിയാതെ വരുന്നതാണ് പ്രശ്നം. അത്തരക്കാർക്കായി ഐറിസ് സ്‌കാനറിന്റെ സഹായത്തോടെ മസ്റ്ററിംഗ് ക്യാമ്പുകൾ നടത്തുന്നുണ്ട്. മസ്റ്ററിംഗിന് പോകാൻ കഴിയാത്ത കിടപ്പുരോഗികൾ, വൃദ്ധർ തുടങ്ങിയർക്കും പ്രത്യേകം സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്.
ക്യാമ്പുകൾ ഇവിടങ്ങളിൽ
ഇന്ന് കൊന്നത്തടി, 21ന് അയ്യൻപ്പൻകോവിൽ. 22ന് കാഞ്ചിയാർ, 23ന് കട്ടപ്പന നഗരസഭ എന്നിവിടങ്ങളിലും രാവിലെ 10 മുതൽ അഞ്ച് വരെ ക്യാമ്പ് നടക്കും. ആധാർ അപ്‌ഡേറ്റ് ചെയ്യാത്ത അഞ്ച് മുതൽ 15 വയസ് വരെയുള്ള കുട്ടികളുടെ ആധാർ അപ്ഡേറ്റ് ചെയ്യാത്തവരുണ്ടെങ്കിൽ അത് പൂർത്തീകരിച്ച് വേണം ക്യാമ്പുകളിലെത്താൻ. പ്രവർത്തി ദിനങ്ങളിൽ പൈനാവിലെ താലൂക്ക് സപ്ലൈ ഓഫീസിലും ഐറിസ് മസ്റ്ററിംഗ് നടത്തുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കണക്കുകൾ ഇങ്ങനെ
കാർഡ് അംഗങ്ങൾ - മസ്റ്ററിംഗ് നടത്തിയവർ
താലൂക്ക്- പിങ്ക് - മഞ്ഞ പിങ്ക് - മഞ്ഞ
ഉടുമ്പൻചോല - 95,663- 18,224 77,437 - 14,861
ദേവികുളം- 90,973 - 28,643 73,746 - 23,548
തൊടുപുഴ- 88,880 - 24,368 73,776 - 20,972
ഇടുക്കി- 81542 - 19,383 68578 - 16,638
പീരുമേട്- 10,1168 - 14,860 82,127 - 12,190
'മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കാൻ സാധിക്കാത്തവർക്കായി ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാവരും യഥാസമയം ഇവ വിനിയോഗിക്കണം'
-ബൈജു കെ. ബാലൻ (ജില്ലാ സപ്ലൈ ഓഫീസർ)