തൊടുപുഴ: ഉപജില്ലാ കായിക മേളയിൽ കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന് ഹാട്രിക്ക് വിജയം. 25 വർഷങ്ങൾക്കുശേഷം തിരിച്ചുപിടിച്ച കായികകിരീടം തുടർച്ചയായി മൂന്നാം തവണയും കരിമണ്ണൂർ സ്കൂൾ നിലനിർത്തി. 15ന് മുതലക്കോടം ഗ്രൗണ്ടിൽ തുടങ്ങിയ കായികമേള അവസാനിച്ചപ്പോൾ 32 ഇനങ്ങൾക്ക് സ്വർണ്ണം, 45 സിൽവർ, 17 വെങ്കല മെഡലുകൾ ഉൾപ്പെടെ 347 പോയിന്റുകളും സ്കൂൾ നേടി. കരിമണ്ണൂർ സ്കൂളിലെ അഫ്‍സിൻ കെ. ഷാനവാസ് സബ് ജൂനിയർ ബോയ്സ് വിഭാഗത്തിലും അമീൻ നജീബ് ജൂനിയർ ബോയ്സ് വിഭാഗത്തിലും ബിയോണ ബിജു ജൂനിയർ ഗേൾസ് വിഭാഗത്തിലും റിയാൽ നജീബ് സീനിയർ ബോയ്സ് വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യൻമാരായി. രണ്ടാം സ്ഥാനത്തെത്തിയ കാളിയാർ സെന്റ് മേരീസ് ഹൈസ്കൂളിന് 86 പോയിന്റും മൂന്നാം സ്ഥാനത്തെത്തിയ കുമാരമംഗലം എം.കെ.എൻ.എം ഹയർ സെക്കൻഡറി സ്കൂളിന് 85 പോയിന്റും ലഭിച്ചു.