തൊടുപുഴ: ചൊക്രമുടി ഭൂമി കൈയേറ്റത്തിന്റെ പിന്നിൽ നടന്ന ഉന്നതതല ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ്‌ സി.പി. മാത്യു ആവശ്യപ്പെട്ടു. കൈയേറ്റത്തിന് വേണ്ട സഹായം ചെയ്ത കളക്ട്രേറ്റിലെ ഉന്നത ഉദ്യോഗസ്ഥനിലേക്ക് ഇതുവരെ അന്വേഷണമെത്തിയിട്ടില്ല. കീഴ്ജീവനക്കാരെ പ്രതിയാക്കി ഇദ്ദേഹത്തെ രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ജില്ലയിൽ നടന്ന ഭൂമി കൈയേറ്റത്തിലും മറ്റ് അനധികൃത ഭൂമിയിടപാടുകളിലും റവന്യൂ മന്ത്രിയുടെ ഓഫീസിനും ജില്ലയിലെ സി.പി.ഐ നേതൃത്തിനും ഇടയിൽ ഇടനിലയായി പ്രവർത്തിച്ചത് ഈ ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിന്റെ ഫോൺ രേഖകൾ പരിശോധിച്ചാൽ ചൊക്രമുടി കൈയേറ്റത്തിൽ നടത്തിയിട്ടുള്ള ഇടപെടലുകൾ പുറത്തുവരും. കോൺഗ്രസ്‌ നേതൃത്വമാണ് ചൊക്രമുടി കൈയേറ്റം പുറത്തുകൊണ്ടുവന്നത്. രമേശ്‌ ചെന്നിത്തലയും പ്രതിപക്ഷ നേതാവും കൈയേറ്റ ഭൂമി സന്ദർശിച്ചതുകൊണ്ട് സർക്കാരിന് നടപടിയെടുക്കേണ്ടി വന്നു. ഇപ്പോഴത്തെ അന്വേഷണവും ശരിയായ ദിശയിലല്ല. കൂടുതൽ കൈയേറ്റം നടന്നിട്ടുള്ളത് ചൊക്രമുടി മലയുടെ പടിഞ്ഞാറു വശത്തതാണ്. സി.പി.എം നേതാക്കളുടെയും ബന്ധുക്കളുടെയും നേതൃത്വത്തിലാണ് ഈ മേഖലയിൽ കൈയേറ്റം നടന്നിട്ടുള്ളത്. ഈ കൈയേറ്റങ്ങളെക്കുറിച്ച് ഒരന്വേഷണവും നടക്കുന്നില്ല. ഈ പ്രദേശത്ത് സർക്കാർ ഭൂമി കൈയേറി റോഡ് വെട്ടിയതിന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറുടെ ഭർത്താവിന്റെ പേരിൽ 2023ൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല. ഇത് ഉൾപ്പെടെ ചൊക്രമുടി മലയിൽ നടന്ന മുഴുവൻ കൈയേറ്റങ്ങൾക്കെതിരെയും വേണ്ട സഹായം നൽകിയവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും സി.പി. മാത്യു ആവശ്യപ്പെട്ടു.