kpn
കട്ടപ്പന നഗരത്തിലൂടെ വസ്ത്ര വിൽപ്പന നടത്തുന്ന അന്യസംസ്ഥാന തൊഴിലാളി

കട്ടപ്പന/ തൊടുപുഴ: ജില്ലയിലെ പ്രധാന നഗരങ്ങളിൽ ലൈസൻസില്ലാതെ റോഡും ഫുട്പാത്തും കൈയേറിയുള്ള അനധികൃത കച്ചവടം വ്യാപകമാകുമ്പോഴും അധികൃതർ മൗനത്തിൽ. തൊടുപുഴ,​ കട്ടപ്പന നഗരങ്ങളിൽ മാത്രം നിരവധി വഴിയോരക്കച്ചവടക്കാരാണ് ഓരോ ദിവസവും കൂണുപോലെ മുളയ്ക്കുന്നത്. ഏതാനും നാളുകൾക്ക് മുമ്പ് വരെ കട്ടപ്പന നഗരത്തിൽ അനധികൃത വ്യാപാരം തകൃതിയായിരുന്നു. ഇത് നഗരത്തിലെ വ്യാപാരി സമൂഹത്തെ തന്നെ വലിയ പ്രതിസന്ധികളിലേക്ക് തള്ളിവിട്ടു. തുടർന്ന് വ്യാപാരി സംഘടനയുടെ നിരന്തര പരാതികളെ തുടർന്നാണ് നഗരസഭ ഇവ നിരോധിച്ചുകൊണ്ട് നടപടികൾ സ്വീകരിക്കാൻ തുടങ്ങിയത്. അതിനുശേഷവും അനധികൃത വ്യാപാരം കട്ടപ്പന നഗരം കേന്ദ്രീകരിച്ച് വ്യാപകമാവുകയാണ്. എന്നാൽ പരാതികൾ വർദ്ധിക്കുമ്പോൾ നഗരസഭയുടെ ഭാഗത്തു നിന്ന് നടപടി സ്വീകരിക്കുമെങ്കിലും തുടർച്ചയായ അന്വേഷണമോ പരിശോധനയോ നടക്കുന്നില്ല. കട്ടപ്പന നഗരവീഥിതികൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്യസംസ്ഥാന തൊഴിലാളികളുടെ വസ്ത്ര വ്യാപാരം നടക്കുന്നത്. ഡൽഹിയിൽ നിന്ന് ഇറക്കുമതി ചെയ്ത തുണി സാമഗ്രികൾ വിവിധ തൊഴിലാളികളെ ഏൽപ്പിച്ച് വിൽപ്പന നടത്തുന്ന സംഘമാണ് കട്ടപ്പനയിൽ വ്യാപകമാകുന്നത്. പ്രധാന റോഡിലൂടെയും വീടുകൾ അധികമുള്ള മേഖലകൾ കേന്ദ്രീകരിച്ചുമാണ് വിൽപ്പന നടക്കുന്നത്. ഇത്തരത്തിലുള്ള അനധികൃത വ്യാപാരം നഗരത്തിലെ കെട്ടിടങ്ങളിൽ വാടകയും വൈദ്യുതി ബില്ലും നൽകി ലൈസൻസെടുത്ത് വിവിധ നികുതികൾ അടച്ചിരിക്കുന്ന വ്യാപാരികൾക്ക് വലിയ പ്രഹരം ഏൽപ്പിക്കുന്നെന്നാണ് പരാതി.

അനധികൃത വ്യാപാരങ്ങൾ സജീവമായതോടെ ഈ വിഷയം നഗരസഭ ക്ലീൻ സിറ്റി മാനേജരെ വിളിച്ച് അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. സമരങ്ങളും പ്രതിഷേധങ്ങളും നടക്കുമ്പോൾ കാര്യം വ്യക്തമാക്കണമെന്ന് അവകാശപ്പെടുന്ന നഗരസഭാ അധികൃതർ തന്നെയാണ് ഇത്തരത്തിൽ മുഖം തിരിക്കുന്ന സമീപനം സ്വീകരിക്കുന്നതെന്നും വ്യാപാരി വ്യവസായി സമിതി ജില്ലാ നേതൃത്വം പറഞ്ഞു. ഒരാഴ്ച മുമ്പ് കട്ടപ്പന- കുന്തളംപാറ റോഡ് ഉൾപ്പെടെയുള്ള മേഖലകളിൽ അന്യസംസ്ഥാന തൊഴിലാളികൾ വ്യാപകമായി കച്ചവടം നടത്തിയിരുന്നു. നഗരസഭയുടെ സ്‌ക്വാഡടക്കം സജീവമാവാത്ത സാഹചര്യത്തിൽ വ്യാപാരികൾ നിരവധി പ്രതിഷേധങ്ങൾ നടത്തിയിരുന്നു.

തൊടുപുഴയിൽ പൊറുതിമുട്ടി

ഗതാഗത തടസം സൃഷ്ടിച്ച് തൊടുപുഴ നഗരത്തിന്റെ പല മേഖലകളിലും ഉന്തു വണ്ടികളും മറ്റുമിട്ടുള്ള വഴിയോര കച്ചവടവും ശക്തമായിരിക്കുകയാണ്. ഇതേക്കുറിച്ച് പരാതികൾ ശക്തമാകുമ്പോൾ ഇത്തരത്തിലുള്ള അനധികൃത കച്ചവടക്കാരെ നഗരസഭ ഒഴിപ്പിക്കുമെങ്കിലും പിറ്റേന്ന് അതിലും വേഗത്തിൽ അതേ സ്ഥലങ്ങളിൽ തന്നെ കച്ചവടം പൊടിപൊടിക്കുന്നതാണ് പതിവ്. നഗരത്തിൽ ഇത് യാത്രക്കാർക്ക് മാത്രമല്ല മറ്റ് കച്ചവടക്കാർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കടകളുടെ മുന്നിലും പാർക്കിങ് സ്ഥലത്തും ഇത്തരത്തിൽ ഉന്തു വണ്ടികളും മറ്റും കൊണ്ടുവന്ന് കച്ചവടം നടത്തുന്നതാണ് പ്രതിസന്ധിക്ക് ഇടയാക്കുന്നത്. ഈ വിഷയത്തിൽ ശാശ്വത പരിഹാരം വേണമെന്ന ആവശ്യത്തിനും കാലങ്ങളുടെ പഴക്കമുണ്ട്.